arun-dhumal

മുംബയ്: ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിൽ ഒന്നായ ബി സി സി ഐയുടെ വരുമാനം വർദ്ധിച്ചതായി ട്രഷററായി സ്ഥാനമൊഴിയുന്ന അരുൺ ധുമാൽ. പുതിയ ഐ പി എൽ ചെയർമാനായ അരുൺ ചൊവ്വാഴ്ച നടന്ന ബി സി സി ഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവിൽ മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്ടനായ സൗരവ് ഗാംഗുലിയായിരുന്നു ബി സി സി ഐ പ്രസിഡന്റ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബോർഡ് ട്രഷറിയിൽ ഏകദേശം 6000 കോടി രൂപയുടെ വർദ്ധനവുണ്ടായതായാണ് അരുൺ ധുമാൽ വ്യക്തമാക്കിയത്. 2019ൽ ബി സി സി ഐയുടെ നിലവിലെ ടീം ചുമതല ഏറ്റെടുക്കുമ്പോൾ ഖജനാവിൽ ഉണ്ടായിരുന്നത് 3648 കോടി രൂപയാണ്. സി ഒ എ (കമ്മിറ്റി ഒഫ് അഡ്‌മിനിസ്ട്രേറ്റേഴ്‌സ്) ചുമതലയേൽപ്പിക്കുമ്പോൾ ഉണ്ടായിരുന്ന ഫണ്ടിനേക്കാൾ മൂന്നിരട്ടി തുകയായ 9629 കോടി രൂപയുടെ ഫണ്ടുള്ള സംഘടനയായാണ് തിരികെ ഏൽപ്പിക്കുന്നതെന്നും അരുൺ വ്യക്തമാക്കി. സംസ്ഥാന അസോസിയേഷനുകളിലേയ്ക്കുള്ള വിതരണം അഞ്ച് മടങ്ങ് വർദ്ധിച്ചു. 680 കോടിയായിരുന്നത് ഇപ്പോൾ 3295 കോടിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023- 2027കാലയളവിലേയ്ക്കുള്ള ഐപിഎല്ലിന്റെ പ്രക്ഷേപണ- ഡിജിറ്റൽ അവകാശങ്ങളുടെ ഇ-ലേലവും വരുമാനം വർദ്ധിക്കാൻ കാരണമായതായി അരുൺ ധുമാൻ വെളിപ്പെടുത്തി.48,390 കോടി രൂപയാണ് ലേലത്തിലൂടെ നേടിയത്. മാത്രമല്ല രണ്ട് പുതിയ ഐപിഎൽ ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവയുടെ ലേലവും വരുമാനം കൂടുന്നതിന് സഹായിച്ചു. 12,715 കോടി രൂപയാണ് രണ്ട് ടീമുകളുടെ ലേലത്തിനായി ചെലവായ തുക. ആദായനികുതി നിയമപ്രകാരം നികുതി ആനുകൂല്യം അർഹിക്കുന്നുണ്ടെന്ന് മുംബയിലെ ആദായനികുതി ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്താൻ ബി സി സി ഐക്ക് കഴിഞ്ഞതും ഗുണകരമായെന്ന് അദ്ദേഹം പറഞ്ഞു.