
നഖങ്ങൾ നല്ല നീളത്തിൽ വളർത്തി ഷേയ്പ്പ് ചെയ്ത് നെയിൽ പോളിഷൊക്കെയിട്ട് ഭംഗിയായി നടക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ കൈകളിലെയും കാലുകളിലെയും നഖം പെട്ടെന്ന് പൊട്ടിപ്പോകുന്നത് കാരണം പലർക്കും ഇതിന് കഴിയാറില്ല. എത്ര ശ്രമിച്ചാലും നഖം പൊട്ടിപ്പോകുന്നത് കാരണം പലരും വലിയ വില കൊടുത്ത് എക്സ്റ്റൻഷൻ ചെയ്യാറുണ്ട്. ഇത് സംരക്ഷിക്കാനും വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ ഇനി വിഷമിക്കണ്ട. നിങ്ങളുടെ യഥാർത്ഥ നഖം പൊട്ടിപ്പോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
സാനിറ്റൈസർ
ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുന്നത് നഖം പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാകുന്നു. അതിനാൽ സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ നഖത്തിലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഷാംപൂ
മുടിയിലെ അഴുക്ക്, എണ്ണമയം എന്നിവ നീക്കാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. കൈകൾ ഉപയോഗിച്ച് ഷാംപൂ തേയ്ക്കുന്നത് നഖങ്ങൾ വരണ്ടുപോകുന്നതിന് കാരണമാകുന്നു. ഇതിലൂടെ നഖം പൊട്ടിപ്പോകുന്നു. അതിനാൽ ഷാംപൂ ചെയ്യുമ്പോൾ കൈയുറകൾ ധരിക്കുക.
വെള്ളം
നിരന്തരം കൈകൾ കഴുകുന്നത് ചർമ്മവും നഖവും മൃദുവാക്കുന്നു. ഇതിലൂടെ നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ പാചകം ചെയ്യുമ്പോഴും തുണികൾ അലക്കുമ്പോഴും കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കുക.

മറ്റ് ആവശ്യങ്ങൾ
നഖങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ തുറക്കാനോ പൊട്ടിക്കാനോ ശ്രമിക്കുന്നത് നല്ലതല്ല. ഇത് നഖങ്ങൾ പൊട്ടിപ്പോകുന്നതിന് കാരണമാകുന്നു.
നീളം കുറയ്ക്കാം
നഖങ്ങൾ ഒരുപാട് നീളത്തിൽ വളർത്തുന്നത് നല്ലതല്ല. ഇത് വേഗത്തിൽ പൊട്ടിപ്പോകുന്നതിന് കാരണമാകുന്നു. അതിനാൽ നഖങ്ങൾ കുറച്ച് നീളത്തിൽ മാത്രം വളർത്തി ഷേയ്പ്പ് ചെയ്ത് നിലനിർത്തുക. അടുപ്പിച്ച് നെയിൽ പോളിഷ് ഇടാതിരിക്കുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്.