vishnu

കൊല്ലം: സൈനികനും സഹോദരനും കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ വകുപ്പുതല അന്വേഷണം. എസ് ഐ അനീഷ്, സി ഐ വിനോദ് എന്നിവരാണ് യുവാക്കളെ മർദിച്ചത്. വിനോദിനോട് സ്‌റ്റേഷൻ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ നിർദേശം നൽകി. സംഭവത്തിൽ അനീഷ് ഉൾപ്പെടെ നാലുപേരെ സ്ഥലംമാറ്റിയിരുന്നു.

കിളികൊല്ലൂർ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർക്കാണ് മർദനമേറ്റത്. കിളികൊല്ലൂർ സ്റ്റേഷനിൽ എം ഡി എം എ യുമായി നാലുപേർ പിടിയിലായിരുന്നു. ഇതിൽ ഒരാളെ ജാമ്യത്തിലിറക്കാനായി, ഒരു പൊലീസുകാരൻ പ്രാദേശിക ഡി വൈ എഫ് ഐ നേതാവായ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

മയക്കുമരുന്ന് കേസാണെന്ന് വിഘ്‌നേഷ് അപ്പോഴാണ് അറിഞ്ഞത്. തുടർന്ന് ജാമ്യംനിൽക്കാൻ തയ്യാറായില്ല. ഇതോടെ വിഘ്‌നേഷും പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. സഹോദരൻ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞാണ് വിഷ്‌ണു അവിടേക്ക് എത്തിയത്. രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു.

കൂടാതെ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് വേണ്ടി സഹോദരങ്ങൾ പൊലീസുകാരെ ആക്രമിച്ചെന്ന് കാണിച്ച് പത്രക്കുറിപ്പും പുറത്തിറക്കി. പന്ത്രണ്ട് ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു. ഇതോടെ വിഷ്‌ണിവിന്റെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലായി. വിവാഹത്തിനായിട്ടായിരുന്നു വിഷ്‌ണു നാട്ടിലെത്തിയത്.