
ഭോപ്പാൽ: ആട്ടിറച്ചി കറിവയ്ക്കുന്നത് സംബന്ധിച്ചുള്ള ഭാര്യാ ഭർത്താക്കന്മാരുടെ വഴക്കിൽ ഇടപെട്ട അയൽവാസിയെ അടിച്ചുകൊന്നു. മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലായിരുന്നു സംഭവം. ബില്ലു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പപ്പു അഹിർവാർ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ചയെ പുണ്യ ദിനമായാണ് ചിലർ കണക്കാക്കുന്നത്. ഈ ദിവസം അവർ മത്സ്യ മാംസാദികൾ ഉപയോഗിക്കാറില്ല. എന്നാൽ വീട്ടിൽ അന്ന് ആട്ടിറച്ചി പാകം ചെയ്യണമെന്ന് പപ്പു നിർബന്ധം പിടിച്ചു. ഇതിനെ ഭാര്യ എതിർത്തു. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി. ബഹളം കേട്ടെത്തിയ ബില്ലു വഴക്കിൽ ഇടപെടുകയും പ്രശ്നം രമ്യതയിലാക്കുകയും ചെയ്തു. അതിനുശേഷം അയാൾ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ തന്റെ വീട്ടിലെ പ്രശ്നത്തിൽ ബില്ലു ഇടപെട്ടത് പപ്പുവിന് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. കലികയറിയ അയാൾ നേരേ ബില്ലുവിന്റെ വീട്ടിലെത്തി പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. ഭാര്യയുൾപ്പടെയുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അയാൾ പിന്മാറിയില്ല. ക്രൂരമർദ്ദനത്തിനൊടുവിൽ ബില്ലു കുഴഞ്ഞുവീണു. വിവരമറിഞ്ഞെത്തിയവർ ബില്ലുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുടെ പരാതിയെത്തുടർന്ന് ഉടൻതന്നെ പപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചു.