
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ പാർട്ടികളിലും ഇതുപോലത്തെ ഞരമ്പുരോഗികൾ ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പാർട്ടി നടപടി വൈകിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരൻ വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളിയോട് കെ പി സി സി നേരത്തെ വിശദീകരണം തേടിയിരുന്നു. ഒക്‌ടോബർ ഇരുപതിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, എം എൽ എയുടെ മുൻകൂർ ജാമ്യഹർജിയിൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വൈകിട്ട് വിധി പറയും. ജാമ്യം നിഷേധിച്ചാൽ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യാനാണ് പൊലീസിന്റെ നീക്കം. ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എം എൽ എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.