സ്ട്രോക്ക് വന്നാൽ എന്തു ചെയ്യണം? ഒക്ടോബർ 29 ലെ ലോക സ്ട്രോക്ക് ദിന പശ്ചാത്തലത്തിൽ ശ്രീചിത്ര മെഡിക്കൽ സെന്ററിലെ സ്ട്രോക്ക് ചികിത്സാ വിഭാഗം
മേധാവിയും വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ നിർദേശക സമിതി അംഗവുമായ ഡോ. പി.എൻ. ശൈലജ സംസാരിക്കുന്നു

ഈ വർഷം സ്ട്രോക്ക് ദിനത്തിലെ തീം?
ഒക്ടോബർ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത് സ്ട്രോക്ക് എന്ന അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിന് നൽകാനാണ്. സ്ട്രോക്ക് എന്നാൽ എന്താണ്,എങ്ങനെ തിരിച്ചറിയാം, വരാതിരിക്കാനുള്ള മുൻകരുതലുകൾ,രോഗം പിടിപ്പെട്ടവർക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുക എന്നിവയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.PRECIOUS TIME എന്നതാണ് ഈ വർഷത്തെ തീം.നമുക്കറിയാം സമയം വളരെ വിലയേറിയതാണ്.സ്ട്രോക്ക് വന്നു കഴിഞ്ഞാൽ കൃത്യ സമയത്തുള്ള ചികിത്സ അത്യാവശ്യമാണ്.ഇതിലൂടെ സ്ട്രോക്ക് മൂലം വരുന്ന വൈകല്യങ്ങളും മരണങ്ങളും കുറയ്ക്കാം.
സമീപകാലത്തെ സ്ട്രോക്ക് ചികിത്സയിൽ ഉണ്ടായ ഏറ്റവും വലിയ പുരോഗതി എന്താണ്? സ്ട്രോക്ക് ചികിത്സയുടെ സുവർണ മണിക്കൂർ എന്താണ് ?
കഴിഞ്ഞ പത്തു വർഷത്തിനിടെ സ്ട്രോക്ക് ചികിത്സാ രംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ത്രോംബോലിസിസ്: സ്ട്രോക്ക് സംഭവിച്ച് നാലര മണിക്കൂറിനുള്ളിലാണ് ഈ ചികിത്സ നൽകേണ്ടത്. ത്രോംബോലെറ്റിക് മരുന്നുകൾ രക്തക്കുഴലുകളിലുള്ള രക്തക്കട്ടയെ അലിയിപ്പിച്ച് രക്തപ്രവാഹം പുനഃസ്ഥാപിക്കുവാൻ സഹായിക്കുന്നു. കഴിഞ്ഞ 1-2 വർഷങ്ങളായി സ്ട്രോക്ക് സംഭവിച്ചതിനു ശേഷം 9 മണിക്കൂർ വരെ ത്രോംബോലിസിസ് ചികിത്സ നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
രോഗി നാലര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തുന്നതെങ്കിൽ സി.ടി., എം.ആർ. പെർഫ്യൂഷൻ സ്കാൻ എന്നിവ നടത്തി രോഗിയിൽ തലച്ചോറിന്റെ നശിച്ചുപോയ മേഖലകളും(കോർ) പ്രവർത്തനം വീണ്ടെടുക്കാനാകുന്ന മേഖലകളും (പെനമ്പ്ര ) വേർതിരിച്ചറിഞ്ഞശേഷവുമാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ വിഭാഗം ജനങ്ങളിൽ മാത്രമേ ഈ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കു. ത്രോംബോലിസിസ് ചികിത്സ കൃത്യമായ സമയത്ത് നൽകാൻ സാധിച്ചാൽ സ്ട്രോക്ക് മൂലം ഉണ്ടാകാനിടയുള്ള വൈകല്യം 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
മെക്കാനിക്കൽ ത്രോംബക്ടമി:വലിയ സ്ട്രോക്ക് വരുന്നവരിൽ ചെയ്യുന്ന ചികിത്സയാണ് മെക്കാനിക്കൽ ത്രോംബക്ടമി.
വലിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുമ്പോൾകത്തീറ്റർ കടത്തിവിട്ട് രക്തക്കട്ട നീക്കം ചെയ്യുന്ന രീതിയാണിത്. സ്ട്രോക്ക് സംഭവിച്ച ആറു മണിക്കൂറിനുള്ളിൽ തന്നെ ചെയ്യേണ്ട ഒരു ചികിത്സാരീതിയാണിത്. എന്നാൽ 24 മണിക്കൂറുകൾക്കുള്ളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ത്രോംബക്ടമി വിജയകരമായി ചെയ്യാൻ സാധിക്കും. എങ്കിലും, സമയം വൈകുന്നതിനനുസരിച്ച് തലച്ചോറിൽ നശിച്ചു പോകുന്ന കോശങ്ങളുടെ എണ്ണം കൂടും. അതുകൊണ്ട് എത്രയും വേഗം ആശുപത്രിയിൽ എത്തുന്നതാണ് ഉത്തമം.ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തക്കുഴൽ തുറക്കുവാൻ സാധിച്ചാൽ സ്ട്രോക്ക് മൂലം ഒരാൾക്ക് ഉണ്ടാകാനിടയുള്ള ശാരീരിക വൈകല്യത്തിന്റെ അളവ് 40 മുതൽ 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
സ്ട്രോക്ക് യൂണിറ്റിൽ ചികിത്സിക്കണം: സ്ട്രോക്ക് വന്ന രോഗിയെ പ്രത്യേകം തയ്യാറാക്കിയ സ്ട്രോക്ക് യൂണിറ്റിൽ ചികിത്സിക്കുന്നതിലൂടെ മരണ സാദ്ധ്യതയും വൈകല്യ സാദ്ധ്യതയും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും. ഈ രീതിയിൽ മികച്ച പരിചരണം ലഭിച്ച രോഗിയുടെ പുനഃരധിവാസവും അയാളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണെന്ന് മറക്കരുത്.
സ്ട്രോക്ക് വന്ന ഒരാൾക്ക് രോഗത്തിൽ നിന്ന്പരിപൂർണ മുക്തി ലഭിക്കുമോ?
ഹാർട്ട് അറ്റാക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണ സാദ്ധ്യതയുള്ള രോഗം പക്ഷാഘാതമാണ്. ഏറ്റവും കൂടുതൽ ശാരീരിക വൈകല്യങ്ങൾക്ക് കാരണമാകുന്ന രോഗമാണിത്. ശരീര ഭാഗങ്ങൾ തളരുക,സംസാരശേഷി നഷ്ടപ്പെടുക,കാഴ്ച്ച കുറവ്,വായിലൂടെ ഇറക്കാൻ കഴിയാത്ത അവസ്ഥ, നടക്കാൻ കഴിയാത്ത അവസ്ഥ,ഓർമ്മക്കുറവ് തുടങ്ങിയവ ഉണ്ടാകാം. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന വൈകല്യം ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെയും സ്പീച്ച് തെറാപ്പിസ്റ്റിന്റെയും ഒക്കുപ്പേഷനൽ തെറാപ്പിസ്റ്റിന്റെയും ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. 100 സ്ട്രോക്ക് രോഗികളെ എടുക്കുമ്പോൾ ആദ്യത്തെ ഒരു മാസത്തിനകം 20 മുതൽ 40 ശതമാനം പേരിൽ മരണം ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. എന്നാൽ അത് കഴിഞ്ഞിട്ടുള്ള 10 മുതൽ 20 ശതമാനം പേരും പൂർണമായി വിമുക്തി നേടുന്നു. 20 മുതൽ 40 ശതമാനം പേരിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അവർക്ക് പരസഹായം ഇല്ലാതെ അവരുടെ കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത അവസ്ഥയും വന്നേക്കും.
ഒരിക്കൽ സ്ട്രോക്ക് വന്നാൽ ആജീവനാന്തം മരുന്ന് കഴിക്കണോ?
ഒരിക്കൽ സ്ട്രോക്ക് വന്ന ഒരാൾക്ക് ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരും. രക്ത സമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി വീണ്ടും സ്ട്രോക്ക് വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്ന രോഗങ്ങളെയെല്ലാം നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്. രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന ഇസ്കീമിക് സ്ട്രോക്ക് ആണ് വന്നതെങ്കിൽ അതിനെ പ്രതിരോധിക്കാൻ ആസ് പിരിൻ, ക്ലോപ്പിഡോഗ്രൽ എന്നീ മരുന്നുകൾ മുടങ്ങാതെ കഴിക്കണം.ഇത് സ്ട്രോക്ക് വരാനുള്ള തുടർ സാദ്ധ്യത 30 ശതമാനം കുറയ്ക്കും. ഇതോടൊപ്പം കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിൻ മരുന്നും സ്ഥിരമായി കഴിക്കണം. സ്ട്രോക്ക് വരാൻ ഇടയാക്കുന്ന കാരണങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞു അതും ചികിത്സിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, തലച്ചോറിലേക്ക് രക്ത വിതരണം ചെയ്യുന്ന രക്തക്കുഴലായ കരോട്ടിഡ് ആർട്ടറിയിൽ 60 ശതമാനത്തിലേറെ ബ്ലോക്ക് വരികയാണെങ്കിൽ കരോട്ടിഡ് എൻഡാർടെറെക്ടമി അല്ലെങ്കിൽ സ്റ്റെൻഡിംഗ് ചെയ്ത് ബ്ളോക്ക് മാറ്റേണ്ടതാണ്.
ഇസ്കീമിക് സ്ട്രോക്ക് വരാനുള്ള പ്രധാനപെട്ട മറ്റൊരു കാരണം ഹൃദയത്തിന്റെ വാൽവുകൾ ചുരുങ്ങുകയോ, ഹൃദയത്തിന്റെ പമ്പിംഗ് കുറയുകയോ ചെയ്യുന്നതാണ്.ഈ അവസരത്തിൽ ഹൃദയത്തിൽ രക്തം കട്ടപിടിക്കുകയും അത് തലച്ചേറിനുള്ളിൽ പോയി സ്ട്രോക്ക് വരികയും ചെയ്യും.ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ പ്രയോജനം ചെയ്യുന്ന വാർഫറിൻ എന്ന മരുന്നാണ് തുടർച്ചയായി കഴിക്കേണ്ടത്. പ്രായമായവരിൽ ഏട്രിയൽ ഫിബുറിലേഷൻ കാരണമാണ് സ്ട്രോക്ക് വരുന്നതെങ്കിൽ ന്യൂവർ ആന്റി കൊയാഗുലന്റ് ഗണത്തിൽ പെടുന്ന മരുന്നുകളായ ഡാബി ഗാട്രിൻ, റിവറോക്സബാൻ, അപ്പിക്സബാൻ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കാം.വാർഫറിനെ അപേക്ഷിച്ച് ഈ മരുന്നുകൾക്ക് ഗുണം കൂടുതലാണന്നും രക്തസ്രാവം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്. ഒരിക്കൽ സ്ട്രോക്ക് വന്നയാൾക്ക് ഒരു വർഷത്തിനുള്ളിൽ വീണ്ടും സ്ട്രോക്ക് വരാനുള്ള സാദ്ധ്യത 5 മുതൽ 15 ശതമാനം വരെയാണ്.കൃത്യമായി മരുന്ന് കഴിക്കുകയും ബി. പി, ഷുഗർ,കൊളസ്ട്രോൾ എന്നിവയൊക്കെ നിയന്ത്രണ വിധേയമാക്കുകയും ആന്റി കൊയാഗുലന്റ് മരുന്നുകൾ മുടങ്ങാതെ കഴിക്കുകയും ചെയ്താൽ ഇതിനെ ചെറുക്കാൻ സാധിക്കും. എന്നാൽ ഞങ്ങൾ അടുത്തിടെ നടത്തിയ പഠനം പറയുന്നത് 40 മുതൽ 50 ശതമാനം ആളുകൾ മാത്രമേ ആജീവനാന്തം മരുന്നു കഴിക്കുന്നുള്ളൂ എന്നാണ്.
സ്ട്രോക്ക് ചികിത്സയിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള മാറ്റങൾ?
കേരളത്തിലെ ജില്ല ആശുപത്രികളിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്ട്രോക്ക് യൂണിറ്റുകൾ ഉണ്ട്. മെഡിക്കൽ കോളേജുകളിലും ഒമ്പത് ജില്ലാ ആശുപത്രികളിലും ഇപ്പോൾ സ്ട്രോക്ക് യൂണിറ്റുകൾ നിലവിൽ വന്നു. ഈ യൂണിറ്റുകളിലൊക്കെ ത്രോംബോലിസിസ് ചികിത്സ സൗജന്യവുമാണ്. എന്നാൽ, പുറം രാജ്യങ്ങളിൽ ഉള്ളത് പോലെ ഒരു മെഡിക്കൽ എമർജൻസി സർവീസ് ക്രിയാത്മകമായി നമ്മുടെ സംസ്ഥാനത്തും രാജ്യത്തെവിടെയും പ്രവർത്തിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ് . 108 ആംബുലൻസ് സർവീസ് ഈ കാര്യത്തിൽ ഗുണകരമായി പ്രവർത്തിക്കുന്നില്ല. ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വളരെ പെട്ടെന്ന് തന്നെ രോഗിയെ സ്ട്രോക്ക് യൂണിറ്റ് ഉള്ള ആശുപത്രിയിൽ എത്തിക്കുന്ന ഒരു സംവിധാനം നിലവിൽ വന്നാൽ അത് സ്ട്രോക്ക് ചികിത്സാരംഗത്ത് വലിയൊരു കുതിച്ചുചാട്ടമാകും.
അതുപോലെ തന്നെ ഡിസ്ചാർജ് ചെയ്തു പോകുന്ന രോഗിയുടെ പുനഃരധിവാസവും തുടർ ചികിത്സയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ തുടർചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സർക്കാർ മുൻകൈ എടുത്ത് സ്ഥാപിക്കേണ്ടതുണ്ട്. അത്തരം കേന്ദ്രങ്ങളിൽ രോഗികളെ പരിചരിക്കാൻ അവരുടെ ബന്ധുക്കൾക്ക് ട്രെയിനിംഗ് നൽകണം.
കമ്യൂണിറ്റി ഹെൽത്ത് സെന്റർ, താലൂക്ക് ജില്ല ആശുപത്രികൾ കേന്ദ്രീകരിച്ച് സ്ട്രോക്ക് ക്ലിനിക് ആരംഭിച്ച് ഡിസ്ചാർജ് ആയ രോഗികൾക്ക് സൗജന്യ തുടർചികിത്സ നൽകണം. ഈ സ്ട്രോക്ക് ക്ലിനിക്കുകൾ മുഖാന്തരം ആശാവർക്കർമാരെയും ഹെൽത്ത് വർക്കർമാരെയും ഉപയോഗിച്ച് അതാത് പ്രദേശങ്ങളിലെ സ്ട്രോക്ക് ബാധിതരെ നിരീക്ഷിക്കാൻ സംവിധാനം വേണം. കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടോ, ചെക്കപ്പ് ചെയ്യുന്നുണ്ടോ, ആരോഗ്യ സ്ഥിതി എന്താണ് എന്നതൊക്കെ അറിഞ്ഞു വയ്ക്കണം.അതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ സ്ട്രോക്ക് യൂണിറ്റുകൾ ഇനിയും ആരംഭിക്കണം.
മുൻ കരുതലുകൾ
ആറ് മാസത്തിൽ ഒരിക്കലെങ്കിലും രക്ത സമ്മർദം, പ്രമേഹം,കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുക.ഇത്തരം ജീവിത ശൈലി രോഗങ്ങൾ ഉണ്ടെങ്കിൽ ശരിയായ ചികിത്സ തേടുകയും അവ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക.
l ആഴ്ചയിൽ 3-4 ദിവസമെങ്കിലും അര മണിക്കൂർ വീതം ശരീര വ്യായാമം ചെയ്യുക. 20-30 ശതമാനം വരെ സ്ട്രോക്ക് വരുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
l അനാരോഗ്യകരമായ ഭക്ഷണരീതി ഒഴിവാക്കുക.മദ്യപാനവും പുകവലിയും നിർത്തുക.
കാരണങ്ങൾ
സ്ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലി രോഗമാണെന്ന് പറയാം
l പുകവലി
l അമിത രക്തസമ്മർദം
l പ്രമേഹം
l കൊളസ്ട്രോൾ
l അമിതമായ മദ്യപാനം
l വ്യായാമം ഇല്ലായ്മ
l വിശ്രമകരമായ ജീവിത പശ്ചാത്തലം
l അമിത വണ്ണം
എന്നിവയെല്ലാം സ്ട്രോക്കിന് കാരണമാകാറുണ്ട്.