tharoor

കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. പ്രതീക്ഷിച്ചപോലെ ഹൈക്കമാൻഡിന്റെ എല്ലാ അനുഗ്രാശിസുകളോടെയും മത്സരിച്ച മല്ലികാർജുൻ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂർ പൊട്ടി പാളീസാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. വോട്ടുകളുടെ എണ്ണം നോക്കിയാൽ രണ്ടാം സ്ഥാനത്താണെങ്കിലും ശരിക്കും വിജയിച്ചത് തരൂർ തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരമാണ് അദ്ദേഹം കാഴ്ചവച്ചത്. കോൺഗ്രസെന്നാൽ ഗാന്ധി കുടുംബം മാത്രമെന്ന് ചിന്തിക്കുന്നവരല്ലാത്തവരും കോൺഗ്രസിലുണ്ടെന്ന് അദ്ദേഹത്തിന് കിട്ടിയ വോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്നു. ഇത്രയും പേരുടെ പിന്തുണയിലൂടെ തനിക്ക് പാരമ്പര്യമില്ലെന്നും വെറും ട്രെയിനിയാണെന്ന് പറഞ്ഞവർക്കുമുളള ശക്തമായ മറുപടിയാണ് അദ്ദേഹം നൽകിയത്.

ബി ജെ പി അനുനിമിഷം ശക്തിപ്രാപിക്കുന്നതും ഒരുകാലത്ത് വെന്നിക്കൊടി പാറിച്ച സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥിയാകാൻ പാേലും ആളില്ലാത്ത അവസ്ഥയിൽ മുടിഞ്ഞ് മുച്ചൂടും നശിച്ച അവസ്ഥയിലാണ് കോൺഗ്രസ് എന്നത് നേതാക്കൾ ഉൾപ്പടെയുള്ളവർക്കുപോലും ഇപ്പോഴും മനസിലായിട്ടില്ലെന്നതാണ് സത്യം. മോദി-അമിത്ഷാ കൂട്ടുകെട്ടിനൊപ്പം നിൽക്കാൻ പോയിട്ട് അടുത്തുവരാൻ പോലും രാഹുൽ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ ആവുന്നില്ല. ജന പിന്തുണയുള്ള കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടി ബി ജെ പിയിലെത്തി. ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച പ്രിയങ്കാ ഗാന്ധിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് ഇക്കഴിഞ്ഞ യു പി തിരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. പഴകിപ്പൊളിഞ്ഞ തങ്ങളുടെ തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ട സമയം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. കാലം മാറുന്നത് അവർ അറിയുന്നേയില്ല.

 
rahul


ഖാർഗെയല്ല രാഹുൽ തന്നെ നേതാവ്
പാർട്ടിയിൽ പദവികൾ ഒന്നും ഇല്ലെങ്കിലും രാഹുൽ തന്നെയാവും തുടർന്നും കോൺഗ്രസിനെ നയിക്കുന്നതെന്ന് ഖാർഗെയുടെ വിജയത്തോടെ പറയാതെ പറഞ്ഞിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ എന്ന മേൽവിലാസം എക്കാലത്തും ആഗ്രഹിക്കുന്ന ഖാർഗെയിൽ നിന്ന് മറിച്ചൊരു ഇടപെടൽ ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നാൽ തരൂർ അദ്ധ്യക്ഷനായിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് അല്പമെങ്കിലും വകയുണ്ടായിരുന്നേനെ. ഖാർഗെയിൽ നിന്ന് വ്യത്യസ്തമായി തരൂരിന് സ്വന്തമായ ഒരു ശബ്ദമുണ്ട്. അത് ലോകം മുഴുവൻ ശ്രദ്ധിക്കുകയും ചെയ്യും. ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയക്കാരൻ എന്ന വിശേഷണം തരൂരിന് നന്നായി ഇണങ്ങും. യു എൻ സെക്രട്ടറി ജനറലാകാൻ മത്സരിച്ച അദ്ദേഹത്തിന് മറ്റനേകം സാദ്ധ്യതകളുണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവച്ച് രാഷ്ട്രീയത്തിലിറങ്ങിയെങ്കിൽ അത് വ്യക്തമായ ലക്ഷ്യത്താേടെ തന്നെയായിരിക്കണം. തനിക്ക് ഇത്രയും പിന്തുണയുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ മനസിലാക്കിപ്പിച്ച സ്ഥിതിക്ക് ഇനി കളിയും കളിക്കളവും മാറിക്കൂടെന്നും ഇല്ല.

തന്റെ വേരുകൾ എവിടെയാണ് എന്നും താൻ ആരാണ് എന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും തരൂരിന് സുഹൃത്തുക്കളുണ്ട്. വിശ്വപൗരൻ എന്ന വിശേഷണത്തിലൂടെ ദേശീയതയുടെ ഇടുങ്ങിയ അതിർ വരമ്പുകളിൽ ഒതുങ്ങുന്ന ഒരാളല്ല എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. ഇതിനൊപ്പം താൻ എന്നും ഒരു ഇന്ത്യക്കാരനായിരിക്കുമെന്നും വ്യക്തമായി പറയുന്നു.

ഇല്ലാതാക്കിയത് ആ അവസരം

ഇന്ത്യയെന്നാൽ ഇപ്പോൾ മോദിയാണ്. ലോകത്താകെ ആ ഇമേജ് ബി ജെ പി ബോധപൂർവം തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇതിനെ എതിർക്കാനും തകർക്കാനുമായി കോൺഗ്രസിന് രംഗത്തിറക്കാൻ കഴിയുമായിരുന്നു ഒരേ ഒരു നേതാവായിരുന്നു തരൂർ. ബി ജെ പി ഉൾപ്പടെയുള്ള സംഘപരിവാർ സംഘടനകൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂർ വരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന അതേ രീതിയിലായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടും. കോൺഗ്രസ് മുക്ത ഭാരതം എന്നതിൽ നിന്ന് പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബി ജെ പിക്ക് ശക്തിപകരുന്നതല്ലേ ഈ നിലപാടെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. മറ്റൊരു ചരിത്രപരമായ മണ്ടത്തരം എന്ന മുന്നറിയിപ്പ് നൽകുന്നവരും ഏറെയാണ്.

bjp

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

തരൂരിനെപ്പോലുള്ള ഒരാളെ ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിന് ആവശ്യമുണ്ടെന്ന് പറയുന്നതിൽ കാരണങ്ങൾ നിരവധിയാണ്. ഇപ്പോൾ കേരളത്തിൽ മാത്രം അധികാരവും വേരോട്ടവുമുള്ള സി പി എമ്മിനുപോലും ശക്തമായ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളുണ്ട്. തുടർ ഭരണത്തിന് അവരെ ഒരു പരിധിവരെ സഹായിച്ചതും ഇതാണ്. യുവാക്കൾക്കിടയിൽ ബി ജെ പി ശക്തമായ സ്വാധീനം ചെലുത്തിയതും സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ കോൺഗ്രസിന് ഇതൊന്നും ഇപ്പോഴും മനസിലായിട്ടില്ല. അവിടെയാണ് തരൂരിന്റെ പ്രസക്തി. ലോകത്തിന്റെ ഗതിവിഗതികൾ നന്നായി മനസിലാക്കുന്ന തരൂർ ഒരു സോഷ്യൽ മീഡിയ രാജാവ് കൂടിയാണ് . ട്വിറ്ററിൽ 8.4 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. ലോകമെമ്പാടുമുള്ള സാഹിത്യോത്സവങ്ങളിലും പ്രഭാഷണ പരമ്പരകളിലും അദ്ദേഹത്തിന്റെ പ്രസംഗ വൈദഗ്ദ്ധ്യം പലകുറി വ്യക്തമായതാണ്. ഇതിൽ പല പുതിയ വാക്കുകളും അദ്ദേഹം സംഭാവന നൽകാറുണ്ട്. അങ്ങനെയെല്ലാമുള്ള ഒരു നേതാവിനെയാണ് കാലത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കാനുള്ള കഴിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസുകാർ ഒതുക്കാൻ ശ്രമിക്കുന്നത്.