
ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരിക്കെ ഖത്തറിലെ മൈതാനത്ത് എത്താനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ മാഹി സ്വദേശിനിയായ നാജി നൗഷി (34). നാജിയുടെ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. കണ്ണൂരിൽ നിന്ന് ഒറ്റയ്ക്ക് ജീപ്പോടിച്ചാണ് അഞ്ച് മക്കളുടെ അമ്മ കൂടിയായ നാജി ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേയ്ക്ക് പോകുന്നത്. കഴിഞ്ഞദിവസം മന്ത്രി ആന്റണി രാജു കണ്ണൂരിൽ നിന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തിരുന്നു.
കണ്ണൂരിൽ നിന്ന് ജീപ്പോടിച്ച് നേരെ മുംബയിലേയ്ക്ക് പോകും. അവിടെ നിന്ന് ജീപ്പ് കപ്പലിലേറ്റി ഒമാനിലെത്തിക്കും. പിന്നാലെ യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ വഴി റോഡ് മാർഗം ഖത്തറിൽ എത്തും. ഡിസംബർ പത്തിന് ഖത്തറിലെത്താനാണ് നാജിയുടെ പ്ളാൻ. വ്ളോഗറും ട്രാവലറുമായ നാജിയുടെ ആദ്യ സോളോ ഗൾഫ് ട്രിപ്പാണിത്. നേപ്പാളും, ലക്ഷദ്വീപും ഇന്ത്യ മുഴുവനും ഒക്കെ കറങ്ങിയിട്ടുണ്ടെങ്കിലും തനിയെ വണ്ടിയോടിച്ച് ഗൾഫ് രാജ്യത്തേയ്ക്ക് യാത്ര പോകുന്നത് ഇതാദ്യമാണ്. ഭക്ഷണവും താമസവുമൊക്ക 'ഓള്' എന്ന പേരുള്ള ജീപ്പിലായിരിക്കും.
മുൻപ് കുട്ടനാട്ടിൽ നിന്ന് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാംപ് വരെ യാത്ര ചെയ്തതിന്റെ അനുഭവസമ്പത്തും നാജിയ്ക്കുണ്ട്. വിവാഹശേഷം അഞ്ച് മക്കളുടെ അമ്മയായതോടെ വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്ന നാജി അടുത്തിടെയാണ് തന്റെ സ്വപ്‌നസാക്ഷാത്കാരമായി സോളോ ട്രിപ്പുകൾ ആരംഭിച്ചത്. നാജിയുടെ യാത്രകൾക്ക് പൂർണപിന്തുണയുമായി ഭർത്താവ് നൗഷാദും കുടുംബവും ഒപ്പമുണ്ട്. ഏറെ നാളായി ഒമാനിലാണ് നാജിയും കുടുംബവും താമസിക്കുന്നത്. 'ഓള് കണ്ട ഇന്ത്യ, ഓളെ കണ്ട ഇന്ത്യ' എന്ന പേരിൽ നാജി രചിച്ച പുസ്‌തകം ഏറെ ശ്രദ്ധനേടിയിരുന്നു.