
രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ പിറ്റേന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന ലത്തീന്‍ അതിരൂപത എല്ലാ ഇടവകകളിലും കരിങ്കൊടി ഉയര്‍ത്തി വാഹന റാലികളുമായി പ്രതിഷേധ സമരം കടുപ്പിക്കുന്നത്. തിരുവനന്തപുരത്തെ തീരമേഖലകളിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സമരം തുടങ്ങിയത്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് അതിരൂപത നിര്‍ദ്ദേശിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ വാടക നല്‍കി ശാശ്വതമായി പുനരധിവസിപ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അതിന് തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നു.
സംസ്ഥാന സര്‍ക്കാർ ഒട്ടേറെ ചര്‍ച്ചകള്‍ ഇതിനകം സമരക്കാരുമായി നടത്തിയെങ്കിലും അവര്‍ അനുരഞ്ജനത്തിന്റെ പാതയിലേക്ക് എത്തുവാന്‍ തയ്യാറാകുന്നില്ല.
കെ. കരുണാകരന്‍ സര്‍ക്കാരില്‍ തുറമുഖ മന്ത്രിയായിരുന്ന എം. വി രാഘവന്‍ 1991ല്‍ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായി വിഭാവനം ചെയ്ത് അവതരിപ്പിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി 2015ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണ് കരാര്‍ ആകുന്നത്. ആദ്യകാലങ്ങളില്‍ അതിശക്തമായ എതിര്‍പ്പ് പദ്ധതിക്കെതിരെ പരിസ്ഥിതി വിദഗ്‌ദ്ധരും തീരദേശവാസികളും ഉയര്‍ത്തിയെങ്കിലും പദ്ധതി സാദ്ധ്യമാക്കുന്ന വികസനവും പുരോഗതിയും പരിഗണിച്ച് തടസങ്ങളെ വഴി മാറ്റുകയായിരുന്നു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവച്ച 7525 കോടിയുടെ കരാറില്‍ സംസ്ഥാന സര്‍ക്കാരും പങ്കാളിയാണ്. പദ്ധതി ആയിരം ദിവസത്തിനുള്ളില്‍ 2018 നവംബറില്‍ തീര്‍ക്കുമെന്നായിരുന്നു 2015 ഓഗസ്റ്റില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഗൗതം എസ്. അദാനി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പാറ കല്ലിന്റെ ക്ഷാമം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലം നിര്‍മാണം പൂര്‍ത്തിയായില്ല. നീട്ടി നല്‍കിയ കാലാവധിയായ 2019 ഡിസംബര്‍ മൂന്ന് സമയപരിധിയിലും നിര്‍മാണം പൂര്‍ത്തിയായില്ല. സമയ പരിധി ലംഘിച്ചാല്‍ ഒരു ദിവസം 12 ലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. 2020 ഒക്ടോബറില്‍ തുറമുഖത്തിന്റെ കമ്മീഷനിംഗ് നടത്താമെന്ന വാക്കും അദാനിക്ക് പാലിക്കാനായില്ല. കൊവിഡ് തുടങ്ങിയ കാരണങ്ങളാണ് അന്ന് നിരത്തിയത്. ഇപ്പോള്‍ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തുമ്പോഴാണ് പദ്ധതിപ്രദേശത്ത് സമരവുമായി ലത്തീന്‍ അതിരൂപതയെത്തുന്നത്. അതിരൂപത ഉയര്‍ത്തുന്ന തീരശോഷണം എന്ന പ്രശ്‌നത്തിന് തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്.
2023ല്‍ തുറമുഖത്ത് കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന വേളയില്‍ പൊടുന്നനെയുള്ള സമരത്തിന് പിന്നില്‍ തല്പരകക്ഷികളാണെന്ന ആരോപണം ഉയരുന്നുണ്ട്. ഹൈക്കോടതി തുറമുഖ നിര്‍മാണ തടസമുണ്ടാക്കരുതെന്ന് ഉത്തരവിട്ടിട്ടും സമരം തുടരുമ്പോള്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് സംശയിച്ചു പോകും. തുറമുഖ നിര്‍മ്മാണം ഏറ്റെടുത്തു നടത്തുന്ന അദാനിക്കുവേണ്ടി തന്നെയാണ് സമരം നടത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കരാര്‍ പ്രകാരം നിശ്ചയിച്ച തീയതിയില്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് 12 ലക്ഷം വച്ച് ദിനംപ്രതി നല്‍കണമെന്ന വ്യവസ്ഥയെ മറികടക്കാന്‍ അദാനി തന്നെയാണ് സമരക്കാരെ സ്‌പോണ്‍സര്‍ ചെയ്തത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. തുറമുഖ പദ്ധതിയെ തകിടം മറിക്കാന്‍ ചൈനയും മറ്റ് രാഷ്ട്രങ്ങളും നടത്തുന്ന നീക്കങ്ങളാണ് പിന്നിലെന്നും ആരോപണമുണ്ട്. ചൈന ശ്രീലങ്കയില്‍ വികസിപ്പിച്ച ഹം ബാൻതോട്ട തുറമുഖം വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയായാല്‍ വെറുതെയാകുമെന്നതിനാലാണ് തടസപ്പെടുത്തുന്നത് എന്നും സൂചനകളുണ്ട്. വികസിത രാഷ്ട്രങ്ങളുടെ തുറമുഖ ലോബികളും വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു.
വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ വാണിജ്യ കൈമാറ്റങ്ങളുടെ പറുദീസയാണ് തുറക്കപ്പെടുന്നത്. ഇതിന്റെ നേട്ടം തിരുവനന്തപുരത്തിനും കേരളത്തിനും ഇന്ത്യ ഒട്ടാകെയുമാണ്. ഒരു അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ട മാനദണ്ഡങ്ങളായ അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെയുള്ള 24 കിലോമീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം വിഴിഞ്ഞത്തിന്റെ സവിശേഷതകളാണ്. രാജ്യത്തെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലായ വിഴിഞ്ഞം പോര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമാകുന്നതോടെ ഒരു ദശലക്ഷം ടിഇയു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനാകും. കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ് ഷിപ്പ്‌മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ഇത് 1500 കോടിയോളം രൂപയുടെ വിദേശനാണ്യം നേടിത്തരും. നിരവധി പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കും. തുറമുഖത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെയിന്റനന്‍സ്, ഹോട്ടല്‍, ടൂറിസം, പരിശീലനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുമ്പോള്‍ അത് സര്‍ക്കാരിന് വന്‍ നികുതി വരുമാനവും ജനങ്ങള്‍ക്ക് തൊഴിലും ലഭ്യമാകും.
കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയെ തന്നെ സുശക്തമാക്കുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ നീക്കം നടത്തുന്ന പ്രതിലോമ ശക്തികളെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കുകയാണ് ചെയ്യേണ്ടത്. തടസ്സങ്ങളുടെയും വിവാദങ്ങളുടെയും ഒട്ടേറെ കടമ്പകള്‍ തരണം ചെയ്ത് പൂര്‍ത്തീകരണത്തോടടുക്കുന്ന ഒരു സ്വപ്‌ന പദ്ധതിയെ വോട്ട് ബാങ്ക് രാഷ്ട്രീയം മറന്ന് സമൂഹത്തിന്റെ നന്മയ്ക്കായി സാക്ഷാത്ക്കരിക്കാനാണ് ഇനി അധികൃതര്‍ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ ഇതുവരെയുള്ള കോടികളുടെ നിക്ഷേപം വെറുതെ കടലെടുത്തു പോവുകയേയുള്ളൂ.

* (വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമാണ് ലേഖകൻ)