xi-jinping

ബീജിംഗ് : സീറോകൊവിഡ് നയത്തിനെതിരെ ചെെനയിൽ പ്രതിഷേധം ശക്തം. ചെെനീസ് പ്രസിഡന്റ് ഷി ജിൻ പിങിനെതിരെ വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. ഷീയെ അധികാരത്തിൽ നിന്ന് നീക്കണമെന്ന് അവശ്യപ്പെട്ട് ഒക്ടോബർ 14 മുതൽ ബീജിംഗ് സിറ്റോംഗ് പാലത്തിൽ വലിയ ബാനറുകൾ ഉയർന്നിരുന്നു. അതിന് പിന്നാലെ ഇപ്പോൾ ശുചിമുറികൾക്കുള്ളിലും സ്കൂളുകളിലെ നോട്ടീസ് ബോർഡുകളിലും ഷീയെ എതിർത്തുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഷെൻഷെൻ, ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്ഷു, ഹോങ്കോംഗും ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മിക്ക പൊതു ഇടങ്ങളിലും സുരക്ഷാ കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാലാണ് പ്രതിഷേധത്തിന്റെ പ്രധാന സ്ഥലമായി ശുചിമുറികൾ മാറിയത്. പരസ്യമായി പ്രതിഷേധിക്കുന്നവരെ ജയിൽ ശിക്ഷയ്ക്ക് വിധേയമാക്കും.

ബീജിംഗിലെ ചെെന ഫിലിം അർച്ചീവ് സ്ഥാപനത്തിന്റെ ശുചിമുറിയിലെ ചുവരുകളിലാണ് ഷീയെ എതിർത്തുള്ള മുദ്രവാക്യം എഴുതിയത്. അവിടുത്തെ ശുചിമുറിയുടെ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. യു എസ് , ജപ്പാൻ,​ ദക്ഷിണ കൊറിയ, തായ്‌വൻ തുടങ്ങിയ രാജ്യങ്ങളിലും ജിൻ പിങിന് എതിരായ മുദ്രാവാക്യങ്ങൾ കണ്ടതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

protest

ഷീക്ക് എതിരെയുള്ള മുദ്രവാക്യങ്ങളും ബാനറുകളും ഇന്റർനെറ്റിൽ വരുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. ചെെനയിലെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും മുദ്രവാക്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ബീജിംഗ് പ്രതിഷേധക്കാരൻ,സിറ്റോംഗ് ബ്രിഡ്ജ്, ധെെര്യം,ഹീറോ,ബ്രിഡ്ജ്, തുടങ്ങിയ വാക്കുകൾ പോലും നിയന്ത്രിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .