syrup

ജക്കാർത്ത: ഇൻഡോനേഷ്യയിൽ വൃക്കരോഗത്തെ തുടർന്ന് 99 കുട്ടികൾ മരിച്ചതിന് പിന്നാലെ ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താൽക്കാലികമായി നിരോധിച്ചു. 20 പ്രവിശ്യകളിൽ നിന്നായി 206 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കുട്ടികൾക്ക് വൃക്കരോഗമുണ്ടാകാൻ കാരണം ചില സിറപ്പുകളാണെന്ന് ആരോഗ്യവിദഗ്‌ദ്ധർ കണ്ടെത്തിയിരുന്നു. എന്നാൽ സിറപ്പുകൾ ഏത് രോഗത്തിന് നൽകിയതാണെന്നോ രാജ്യത്ത് നിർമിച്ചതാണോ പുറത്ത് നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തുടർന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറപ്പുകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയത്. ഈ വർഷം ജനുവരി മുതലാണ് കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 65 ശതമാനവും ജക്കാർത്തയിൽ നിന്നാണ്. കുട്ടികൾക്ക് ഡോക്ടർമാർ നിർദേശിച്ച എല്ലാ മരുന്നുകളെകുറിച്ചുമുള്ള വിവരങ്ങൾ ആശുപത്രികൾ ശേഖരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

നേരത്തേ ഗാംബിയയില്‍ ചുമയ്ക്കുള്ള കഫ് സിറപ്പ് കഴിച്ച് എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. വൃക്കയെ ഉള്‍പ്പെടെ സാരമായി ബാധിക്കുന്ന ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല മരുന്നുകളിലും അടങ്ങിയതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ഹരിയാനയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ സിറപ്പുകള്‍ നിര്‍മ്മിച്ചത്. തുടര്‍ന്ന് ഈ കമ്പനിയുടെ നാല് സിറപ്പുകള്‍ക്കെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡി സി ജി ഐ) അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.