
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും വിജയം നേടി. ടോട്ടൻ ഹാം ഹോട്സ്പറിനെ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയത്. രണ്ടാം പകുതിയിൽ ഫ്രെഡും നായകൻ ബ്രൂണോ ഫെർണാണ്ടസുമാണ് യുണൈറ്റഡിനായി  ലക്ഷ്യം കണ്ടത്. 
ക്യാപ്ടനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റ ഗംഭീര സേവുകളാണ് ടോട്ടനത്തിന്റെ തോൽവി ഭാരം കുറച്ചത്. ടോട്ടനം മുന്നാം സ്ഥാനത്ത് തുടരുകയാണ്. യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.  ഡാർവിൻ ന്യൂനസ് നേടിയ ഗോളിൽ വെസ്റ്റ് ഹാമിനെ കീഴടക്കി  ലീഗിൽ ലിവർപൂൾ തുടർച്ചയായ രണ്ടാം ജയം നേടി. ചെൽസി ബ്രെൻഡ്ഫോർഡിനോട് ഗോൾ രഹിത സമിനില വഴങ്ങി.
പിണങ്ങിയ റൊണാൾഡോയെ
ഒഴിവാക്കി
വിജയത്തിനിടയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തലവേദനയായി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പിണങ്ങിപ്പോക്ക്. ആദ്യ ഇലവനിൽ ഇടം കിട്ടാതിരുന്ന റൊണാൾഡോ പകരക്കാരനായും കോച്ച്  ടെൻ ഹാഗ് തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മത്സരം അവസാനിക്കുന്നതിന് മുന്നേ സൈഡ് ലൈനിൽ നിന്ന് മടങ്ങുകയായിരുന്നു.ഇത് ഗുരുതരമായ തെറ്റാണെന്ന് വിലയിരുത്തിയ ക്ലബ്  നാളെ ചെൽസിക്കെതിരായ മത്സരത്തിനുള്ള  ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.