modi

ഒന്നര വർഷത്തിനകം 10 ലക്ഷം പേർക്ക് തൊഴിൽ

ന്യൂഡൽഹി: ഒന്നര വർഷത്തിനകം പത്തു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന മഹാ റിക്രൂട്ട്മെന്റ് മേളയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 22ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിക്കും. രാജ്യത്തെമ്പാടും നിന്ന് റിക്രൂട്ട് ചെയ്‌ത 75,​000 പേർക്ക് നിയമന ഉത്തരവും തത്സമയം നൽകും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

നിയമനം കിട്ടുന്നവർ കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിയിൽ പ്രവേശിക്കും. ഗ്രൂപ്പ് എ (ഗസറ്റഡ് )​,​ ഗ്രൂപ്പ് ബി (ഗസറ്റഡ്)​,​ ഗ്രൂപ്പ് ബി ( നോൺ ഗസറ്റഡ് )​,​ ഗ്രൂപ്പ് സി ഓഫീസർമാരായാവും നിയമനം.

കേന്ദ്രസായുധ സേനയിലേക്കും,​ സബ് ഇൻസ്‌പെക്‌ടർ,​ കോൺസ്റ്റബിൾ,​ എൽ. ഡി ക്ലാർക്ക്,​ സ്റ്റെനോ,​ പി. എ,​ ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ, ​മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ്.

ഇക്കൊല്ലം ജൂൺ ആദ്യം കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌താണ് പ്രധാനമന്ത്രി നരേന്ദ്രമോദി,​ ഒന്നര വർഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാർത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാൻ നിർദ്ദേശിച്ചത്.

കാറ്റഗറിയും ഒഴിവുകളും

ഗ്രൂപ്പ് എ (ഗസറ്റഡ് )​.................23,584

ഗ്രൂപ്പ് ബി (ഗസറ്റഡ്)​.................26,282

ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​....92,525

ഗ്രൂപ്പ് സി.....................................8.36 ലക്ഷം

പ്രതിരോധ മന്ത്രാലയത്തിൽ

ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​.....39,​366

ഗ്രൂപ്പ് സി.......................................2.14 ലക്ഷം

റെയിൽവേയിൽ

ഗ്രൂപ്പ് സി.....................................2.91 ലക്ഷം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ

ഗ്രൂപ്പ് സി (നോൺഗസറ്റഡ്),​ഗ്രൂപ്പ് ബി (നോൺഗസറ്റഡ്),​ഗ്രൂപ്പ് സി എന്നിവയിൽ 1.21ലക്ഷം

സെലക്‌ഷൻ നടപടി ലളിതമാക്കി

പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനും,​ യുവജനങ്ങൾക്ക് തൊഴിൽ നൽകാനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്ന സുപ്രധാന ദൗത്യമാണിതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. മോദിയുടെ നിർദ്ദേശപ്രകാരം എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും നിലവിലുള്ള ഒഴിവുകൾ നികത്താനുള്ള ശ്രമത്തിലാണ്. മന്ത്രാലയങ്ങളും വകുപ്പുകളും സ്വന്തം നിലയിലും യു.പി.എസ്.സി,​ സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ,​ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ ഏജൻസികൾ വഴിയുമാണ് റിക്രൂട്ട്മെന്റ്. റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ സെലക്‌ഷൻ നടപടികൾ ലളിതമാക്കിയിട്ടുണ്ട്.