canara-bank

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് നടപ്പുവർഷത്തെ ജൂലായ്-സെപ്തംബർ പാദത്തിൽ 89.42 ശതമാനം വളർച്ചയോടെ 2,525 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 1,333 കോടി രൂപയായിരുന്നു. അറ്റപലിശ വരുമാനം 18.5 ശതമാനവും പലിശേതര വരുമാനം 13 ശതമാനവും ഉയർന്നത് ബാങ്കിന് നേട്ടമായി. പ്രവർത്തനലാഭം 23.22 ശതമാനം ഉയർന്ന് 6,905 കോടി രൂപയായി.

കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത (പ്രൊവിഷൻസ്) 8 ശതമാനം കുറഞ്ഞ് 3,636.81 കോടി രൂപയായത് ലാഭവളർച്ചയ്ക്ക് സഹായിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എൻ.പി.എ) 2.05 ശതമാനം കുറഞ്ഞ് 6.37 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.02 ശതമാനം താഴ്‌ന്ന് 2.19 ശതമാനത്തിലെത്തിയതും ബാങ്കിന് നേട്ടമായി. ബാങ്കിന്റെ ആഗോള ബിസിനസ് 13.89 ശതമാനം വർദ്ധിച്ച് 19.58 ലക്ഷം കോടി രൂപ കടന്നു.