
എല്ലാ വീട്ടിലും അവശ്യം വേണ്ട ചെടിയാണ് കറിവേപ്പില. അടുക്കളയിലെ ആവശ്യങ്ങൾക്ക്  പച്ചക്കറി കടയിൽ  കറിവേപ്പില വാങ്ങാനൊന്നും നിൽക്കേണ്ട. മുറ്റത്ത് ഒരിത്തിരി സ്ഥലം മതിയാകും കറിവേപ്പില ചെടിക്ക് വളരാൻ. വലിയ മരമാകുന്നതും ചെറിയ ചെടിയായി നിൽക്കുന്നതുമായി പല  ഇനങ്ങളുണ്ട്. നാടൻ കറിവേപ്പിലകൾക്ക് പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ചില ഉയരംകുറഞ്ഞ ഇനങ്ങൾ വലിയതോതിൽ കൃഷിയിറക്കി വരുന്നുണ്ട്. 'സുവാസിനി" യാണ് കൂട്ടത്തിൽ പ്രചാരമേറിയത്.  നല്ല മണമുള്ളതുമാണ് ഈ ഇനം. പാചകത്തിന് ഉപയോഗിക്കുന്നതു പോലെ തന്നെ മരുന്നായും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്.
വ്യാവസായികമായി കറിവേപ്പില കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിയുണ്ട്. അധികം ബുദ്ധിമുട്ടേണ്ട എന്നത് മേന്മയാണ്. 30 മുതൽ 45 സെന്റീമീറ്റർ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേർത്തിളക്കി തൈകൾ നടണം. കുഴിയിൽ ആവശ്യത്തിന് നീർവാർച്ച കിട്ടാൻ, മണലും ചേർക്കാം. വൈകിട്ട് തൈ നടുന്നതാണ് നല്ലത്. ഉണങ്ങിയ ചാണകം, ആട്ടിൻകാഷ്ടം, വേപ്പിൻപിണ്ണാക്ക്, മണ്ണിരവളം ഇവയൊക്കെ മണ്ണിൽ വളക്കൂറായി ചേർക്കാം.
കൂടുതൽ തൈകൾ നടുകയാണെങ്കിൽ ഓരോ തൈകളും തമ്മിൽ ഒന്നരമീറ്റർ മുതൽ രണ്ടുമീറ്റർവരെ അകലം നൽകാം. ഒരു ചെടിക്ക് വർഷത്തിൽ 10 കി.ഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടിൽ ചേർക്കണം. വേനലിൽ നന്നായി നനയ്ക്കുകയും വേണം. ഒരു മീറ്റർ പൊക്കമായാൽ ചിലർ മുകളറ്റം വെട്ടി നിർത്താറുണ്ട്. ഇതുവഴി നിറയെ ഉപശാഖകൾ വളരും.
ഒരുവർഷം പ്രായമാകുമ്പോഴേക്കും ചെടിയിൽ നിന്ന് ഇല നുള്ളാം. ശരാശരി നാലു വർഷം പ്രായമായ ചെടിയിൽനിന്ന് 100 കിലോഗ്രാം വരെ ഇലകിട്ടും. ചെടിച്ചുവട്ടിൽ വേനലിൽ പുതയിട്ട് നന്നായി നനച്ചാൽ നല്ലതുപോലെ ഇല കിളിർക്കും. നീർവാർച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിർപ്പിച്ചും വേരിൽ നിന്ന് അടർത്തിയ തൈ നട്ടും കറിവേപ്പ് വളർത്താം.