
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പുറത്തുവന്നതിന് പിന്നാലെ പുതിയ അദ്ധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയ്ക്ക് ശക്തനായ എതിരാളിയായിരുന്ന ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രിയാണ് രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് മുന്നിൽ ഒരു മുഖമെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖമെന്നും മിസ്ത്രി തരൂരിനെ കുറ്റപ്പെടുത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട സംശയങ്ങളിൽ തങ്ങൾ നൽകിയ മറുപടിയിൽ തരൂർ തൃപ്തനായിരുന്നെന്നും എന്നാൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുവെന്നുമാണ് മിസ്ത്രി വിമർശിച്ചത്.
കഴിഞ്ഞദിവസം വോട്ടുകൾ എണ്ണിക്കഴിഞ്ഞതിനിടെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് നടന്നതായും സംസ്ഥാനത്തെ വോട്ടുകൾ റദ്ദാക്കണമെന്നും തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റായ സൽമാൻ സോസ് മിസ്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഈ കത്ത് ചോർന്നുവെന്നും എല്ലാം മറന്ന് മുന്നോട്ടുപോകാമെന്നും തരൂർ പിന്നീട് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട താങ്കളുടെ അഭ്യർത്ഥന ഞങ്ങൾ പരിഗണിച്ചിരുന്നു. എന്നിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി താങ്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽചെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവനും താങ്കളുടെ സ്ഥാനാർത്ഥിത്വത്തോട് അനീതി കാട്ടിയെന്ന പ്രതീതിയുണ്ടാക്കാൻ ശ്രമിച്ചുവെന്നും മിസ്ത്രി ആരോപിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ വിജയത്തോടെ 24 വർഷങ്ങൾക്ക് ശേഷം നെഹ്‌റു കുടുംബാംഗമല്ലാത്തയാൾ കോൺഗ്രസ് അദ്ധ്യക്ഷപദവിയിൽ എത്തിയിരിക്കുകയാണ്. 9385 വോട്ടർമാരിൽ 7897 പേരാണ് ഖാർഗെയ്ക്ക് അനുകൂലമായി വോട്ടു ചെയ്തത്. 1072 വോട്ട് നേടി തരൂരും കരുത്തുകാട്ടിയിരുന്നു. ദളിത് നേതാവ് മല്ലികാർജുൻ ഖാർഗെ ഒക്ടോബർ 26നാണ് പാർട്ടി അദ്ധ്യക്ഷനായി ചുമതലയേൽക്കുന്നത്.