ambani

 വില്ല പാം ജുമേറയിൽ; വില ₹1,​348 കോടി

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ ആഡംബരവില്ലയ്ക്കുടമയെന്ന സ്വന്തം റെക്കാഡ് വീണ്ടും തിരുത്തിയെഴുതി ഇന്ത്യൻ ശതകോടീശ്വരനും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ദുബായിലെ കടൽത്തീര നഗരമായ പാം ജുമേറയിൽ 16.30 കോടി ഡോളറിന്റെ (ഏകദേശം 1,​348 കോടി രൂപ)​ വില്ലയാണ് കഴിഞ്ഞയാഴ്‌ച വാങ്ങിയത്.

ഇവിടെ നിന്ന് നടന്നെത്താവുന്ന ദൂരത്തിൽ എട്ട് കോടി ഡോളറിന്റെ (632 കോടി രൂപ)​ വില്ല ഇളയ മകൻ ആനന്ദിന് വേണ്ടി ആഗസ്‌റ്റിൽ മുകേഷ് വാങ്ങിയിരുന്നു. ഈ റെക്കാഡാണ് പഴങ്കഥയായത്. കുവൈറ്റ് വ്യവസായിയായ മൊഹമ്മദ് അൽഷായയിൽ നിന്നാണ് മുകേഷ് പുതിയവില്ല വാങ്ങിയത്. അതേസമയം,​ ഇക്കാര്യം സ്ഥിരികരിക്കാൻ അംബാനിയോ അൽഷായയോ തയ്യാറായിട്ടില്ല.

പാം ജുമേറ

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപ്‌നഗരമാണ് പാം ജുമേറ. അതിസമ്പന്നരുടെ ഇഷ്‌ടകേന്ദ്രമാണിത്. ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം,​ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തുടങ്ങിയവർക്കും ഇവിടെ വില്ലകളുണ്ട്.

80%

യു.എ.ഇയിലെ താമസക്കാരിൽ 80 ശതമാനവും വിദേശികളാണ്.