vandy

തിരുവനന്തപുരം : കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾ നിർമ്മിച്ച കാറിന് അന്താരാഷ്ട്ര പുരസ്കാരം. അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തൺ 2022 ൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിനാണ് ഒന്നിലധികം പുരസ്കാരങ്ങൾ ലഭിച്ചത്. സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും വിദ്യാർത്ഥികൾ സ്വന്തമാക്കി. കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലെ 19 വിദ്യാർത്ഥികൾ ചേർന്ന 'പ്രവേഗ' എന്ന സംഘം രൂപകൽപന ചെയ്ത ഈ ഇലക്ട്രിക് കാറിന് 'വണ്ടി' എന്നാണ് പേരിട്ടിരിക്കുന്നത്.

vandy

ഊർജ്ജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരുടെ രാജ്യാന്തര മത്സരമായ ഇക്കോ മാരത്തണിൽ ലോകമെമ്പാടും നിന്ന് ഒന്നിലധികം എൻട്രികൾ ഉണ്ടായിരുന്നു. ആക്സിയ ടെക്നോളജീസിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കാറിന് സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ നിന്ന് ഫണ്ടുകൾ ലഭിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 80 കിലോഗ്രാം ഭാരവും മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയുള്ള ഈ കാറിന്റെ മോഡൽ തയ്യാറാക്കാൻ 10 മാസമെടുത്തു. ടെെഗർ ഷാർക്കുകളുടെ രൂപത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് 'വണ്ടി ' നിർമ്മിച്ചിരിക്കുന്നത്.