
രാവിലെ ആഹാരത്തിന് മുമ്പും ആഹാരശേഷം രണ്ടു മണിക്കൂർ കഴിഞ്ഞുമുള്ള രക്തപരിശോധനയിലൂടെയും HbA1C എന്ന പ്രത്യേക പരിശോധനയിലൂടെയും പ്രമേഹസാന്നിധ്യം കണ്ടെത്താം. എന്നാൽ, ഏതുതരം പ്രമേഹമാണെന്നു കണ്ടെത്താൻ മറ്റുചില പരിശോധനകളുടെ സഹായം വേണ്ടിവന്നേക്കും. ചിലപ്പോൾ രോഗബാധിതരിൽ രോഗലക്ഷണങ്ങൾ കണ്ടെന്നുവരില്ല.
ചിലരിൽ അസാധാരണമായ ക്ഷീണം, മെലിച്ചിൽ, അമിതമായി മൂത്രംപോക്ക്, അമിതദാഹം, അമിതവിശപ്പ്, പൂപ്പൽ ബാധ, മൂത്രത്തിലെ അണുബാധ, മോണപഴുപ്പ്, മുറിവുകൾ ഉണങ്ങാൻ കാലതാമസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടേക്കാം. ഈ ലക്ഷണങ്ങളുള്ളവർ അടിയന്തരമായി വൈദ്യസഹായം തേടുക. ഓർക്കുക, പ്രമേഹം നിശബ്ദകൊലയാളിയാണ്. രോഗം നിയന്ത്രണവിധേയമായില്ലെങ്കിൽ ഹൃദയാഘാതത്തിനും ആന്തരിക അവയവയങ്ങളുടെ തകരാറുകൾക്കും കാരണമാകും. ചെറുപ്പത്തിലേതന്നെ ആരോഗ്യകരമായ ജീവിതശൈലിയും വ്യായാമവും പിന്തുടർന്ന് രോഗത്തെ പ്രതിരോധിക്കുന്നതാണ് ആരോഗ്യം സുരക്ഷിതമാക്കാൻ ഏളുപ്പമാർഗം.