
പാലക്കാട്: ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിൽ മക്കളെ പൊലീസ് മർദ്ദിച്ച കേസിൽ നടപടി. കുറ്റാരോപിതനായ വാളയാർ സി ഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൃദ്രോഗ സംബന്ധിയായ ചികിത്സയ്ക്കായി അമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിൽ സഹോദരങ്ങളായ ഹൃദയ സ്വാമിയ്ക്കും ജോൺ ആൽബർട്ടിനും പൊലീസ് മർദ്ദനമേൽക്കുന്നത്. യാത്രാ മദ്ധ്യേ ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിന് വശത്തേയ്ക്ക് നിർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വാളയാർ പൊലീസ് സംഘം കാരണമാരായുകയും ഇതിന് ശേഷം ജീപ്പ് മുന്നോട്ട് എടുത്തപ്പോൾ കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ഹൃദയ സ്വാമിയെ വാളയാർ സിഐ മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നു. സഹോദരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ജോൺ ആൽബർട്ടിനെയും പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും മൊബൈൽ ഫോണിൽ പകർത്തിയ സംഭവ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും ഇവർ മുഖ്യമന്ത്രിയ്ക്കും എസ്പിയ്ക്കും നൽകിയ പരാതിയിൽ പറയുന്നു.
പൊലീസ് മർദ്ദനമേറ്റ ശേഷം ഇവർ അമ്മയുമായി ജില്ലാ ആശുപത്രിയിലേയ്ക്ക് പോയി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ നേടുകയും പരാതിപ്പെടുകയുമായിരുന്നു. സംഭവ സമയത്ത് മദ്യപിച്ചിരുന്ന ഹൃദയ സ്വാമി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കയർത്തു സംസാരിക്കുകയും തട്ടിക്കയറുകയുമായിരുന്നു എന്നാണ് വാളയാർ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. വാളയാർ സി ഐയ്ക്ക് എതിരെ സഹപ്രവർത്തകരെ മാനസികമായി പീഢിപ്പിക്കുന്നു എന്നതടക്കം പരാതി നേരത്തെ തന്നെ നിലനിൽക്കവേയാണ് മർദ്ദനപരാതിയും ലഭിക്കുന്നത്. സംഭവത്തെക്കുറിച്ച് ഉന്നത ഉഗ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സി ഐയെ സ്ഥലം മാറ്റിക്കൊണ്ടുള്ല ഉത്തരവ് പുറത്തിറക്കുകയായിരുന്നു.