gold

നെടുമ്പാശേരി: ദ്രാവകരൂപത്തിലുള്ള സ്വർണത്തിൽ മുക്കിയ ബാത്ത് ടൗവ്വലുകളുമായി കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി ഫഹദ് (26) ആണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണത്തിൽ മുക്കിയ അഞ്ച് ടൗവ്വലുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇത്തരത്തിലൊരു സ്വ‌ർണക്കടത്ത് പിടിക്കുന്നത് രാജ്യത്താദ്യമായാണ്. മറ്റ് രീതികളെല്ലാം പരാജയപ്പെടുന്നതാകാം ഇത്തരത്തിൽ സ്വർണം കടത്താൻ കാരണമെന്ന് കസ്റ്റംസ് പറഞ്ഞു. ബാത്ത് ടൗവ്വലുകളിൽ എത്ര ഗ്രാം സ്വർണമുണ്ടെന്ന് കൃത്യമായി പറയാൻ ദിവസങ്ങൾ വേണ്ടിവരും. ഇതിനായുള്ള ശാസ്ത്രീയ പരിശോധനകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സങ്കീർണമായ മാർഗം ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ ടൗവ്വലുകൾ മുക്കിയെടുത്തശേഷം ഇവ നന്നായി പാക്ക് ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവുള്ളതായി സംശയം തോന്നി. ചോദ്യംചെയ്യലിൽ എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങിയിരുന്നില്ലെന്നുമാണ് മറുപടി നൽകിയത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല. തുടർന്ന് വിശദമായി പരിശോധിച്ചതോടെ സമാന രീതിയിൽ അഞ്ച് തോർത്തുകൾ കൂടി കണ്ടെത്തി. ഇതോടെയാണ് സ്വർണക്കടത്തിന്റെ പുതിയ വഴി​യുടെ ചുരുൾ അഴിഞ്ഞത്.