cochinairport-goldsmuggle

കൊച്ചി: സ്വർണ്ണം മുക്കിയ തോർത്തുമായി എത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് എയർ കസ്റ്റംസ് പിടികൂടി. ഇയാളിൽ നിന്നും സ്വർണ്ണത്തിൽ മുക്കി കടത്താൻ ശ്രമിച്ച തോർത്തുകൾ പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള വിമാനത്തിലെ യാത്രികനായ തൃശ്ശൂർ സ്വദേശിയായ ഫഹദ് ആണ് തോർത്ത് ഉപയോഗിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ദ്രാവക രൂപത്തിലാക്കിയ സ്വർണത്തിൽ തോർത്തുകൾ മുക്കിയ ശേഷം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഫഹദ് പിടിയിലായത്.

വ്യത്യസ്തമായ രീതിയിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ഇയാളുടെ ബാഗിൽ അസാധാരണമായി നനവുള്ളത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ബാഗിനുള്ളിൽ നിന്ന് സ്വർണ്ണം മുക്കിയ തോർത്തുകൾ കണ്ടെത്തുകയായിരുന്നു. അഞ്ച് തോർത്തുകളാണ് ഇയാളുടെ ബാഗിനുള്ളിൽ ഉണ്ടായിരുന്നത്. കടത്താൻ ശ്രമിച്ച തോർത്തുകളിൽ അടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ അളവ് കൃത്യമായി അറിയാൻ വിശദമായ പരിശോധന ആവശ്യമാണെന്നും അതിന് ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചു.

അതേ സമയം സ്വർണ്ണക്കടത്തിന് ഇത് വരെ നിലവിലില്ലാത്ത പുതിയ വഴികൾ കടത്തുകാർ ഉപയോഗിക്കുന്നത് തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണ്ണത്തിന്റെ ഒഴുക്കിന് യാതൊരു കുറവും വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽ നിന്നും തുടർച്ചയായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അനധികൃത സ്വർണം പിടികൂടി വരികയാണ്. കഴിഞ്ഞ ബുധനാഴ്ച 902 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടിച്ചത്. ഇതിൽ നിന്ന് 33.57 ലക്ഷം രൂപ വിപണി വിലയുള്ള 767 ഗ്രാം സ്വർണ്ണം തിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അൻസാർ സ്വർണം നാല് കാപ്സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.