sasikala

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ശശികല പ്രസ്താവനയിൽ വിശദമാക്കി. ഏത് അന്വേഷണം നേരിടാനും താൻ തയ്യാറാണ്. സൗഹൃദത്തിലായിരുന്ന തങ്ങളെ വേർപെടുത്താൻ ശ്രമങ്ങളുണ്ടായിരുന്നു. അമ്മയുടെ മരണത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ മെഡിസിൻ പഠിച്ചിട്ടില്ല. എല്ലാ ചികിത്സാ നടപടികളും മെഡിക്കൽ സംഘമാണ് സ്വീകരിച്ചത്. ഏറ്റവും മികച്ച ചികിത്സ അമ്മയ്ക്കുറപ്പാക്കുക എന്നത് മാത്രമേ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ എന്നും ശശികല വ്യക്തമാക്കി. വിദേശത്ത് ചികിത്സ നടത്താൻ താൻ തടസ്സം നിന്നിട്ടില്ലെന്നും എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ആൻജിയോഗ്രാം നടത്തേണ്ടെന്നു തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

അപ്പോളോ ആശുപത്രി ഏഷ്യയിലെ തന്നെ ഏറ്റവും മി​കച്ച ആശുപത്രിയാണെന്നും ലോകനിലവാരമുള്ള ഡോക്ടർമാരാണ് അവിടെയുള്ളതെന്നും ജയലളിതയുടെ ചികിത്സയ്ക്കായി മുമ്പും അവിടെത്തന്നെയാണ് പോയിരുന്നതെന്നും ശശികല പറഞ്ഞു. ജയലളിതയുടെ മരണത്തിൽ ശശികല കുറ്റക്കാരിയാണെന്നും ജയലളിതയ്ക്ക് മനഃപൂർവം ചികിത്സ വൈകിപ്പിക്കാൻ ശശികല ശ്രമിച്ചെന്നുമായിരുന്നു ജുഡി​ഷ്യൽ കമ്മിഷൻ റിപ്പോർട്ട്.