
തിരുവനന്തപുരം : പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. കോടതിയിലും പൊലീസിലും പൂർണവിശ്വാസമുണ്ട്, താൻ ക്രിമിനലാണെന്ന് പറയുന്ന എം.എൽ.എ തനിക്കൊപ്പം എന്തിന് കൂട്ടുകൂടി. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന കുന്നപ്പിള്ളിയുടെ സ്വഭാവമെന്തെന്ന് തുറന്നു കാട്ടുമെന്നും പരാതിക്കാരി രറഞ്ഞു.
കേസിൽ എം.എൽ.എയ്ത്ത് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എൽദോസ് നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് ജാമ്യം. ഫോണും പാസ്‌പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ചുലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല. മറ്റന്നാൾ മുതൽ നവംബർ 1 വരെയുള്ള സമയത്തിനിടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
അതേസമയം പരാതിക്കാരിയുമായി പൊലീസ് സംഘം എം.എൽ.എയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എം.എൽ.എയ്ക്ക് ജാമ്യം കിട്ടിയതിൽ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ പ്രതികരിക്കാനില്ലെന്ന് അവർ പറഞ്ഞു. പി.ആർ ഏജൻസി ജീവനക്കാരിയായല്ല എം.എൽ.എയെ പരിചയപ്പെട്ടതെന്നും താൻ ക്രിമിനലാണെന്ന് പറയുന്നത് ശരിയല്ലെന്നും എം.എൽ.എയുടെ ആരോപണങ്ങൾ നിഷേധിച്ച് യുവതി പറഞ്ഞു.