obama-mannequin

ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരമായ ആഘോഷമാണ് ദീപാവലി. ദീപങ്ങളും പടക്കങ്ങളും മധുരപലഹാരങ്ങളുമായി ദീപാവലി ആഘോഷിക്കാത്തവർ കുറവാണ്. ഇന്ത്യയിൽ മാത്രമല്ല അതിർത്തിയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരും ദീപാവലി വലിയ പ്രതാപത്തോടെ തന്നെ ആഘോഷിക്കാറുണ്ട്. എന്നാൽ ഇത്തവണ ദീപാവലി ആഘോഷത്തിന്റെ ഭാഗമായ ആളെ കണ്ട് സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുകയാണ്. കാരണം ഇന്ത്യൻ വേഷമായ ഷെർവാണിയുമണിഞ്ഞ് സോഷ്യൽ മീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് ചില്ലറക്കാരനല്ല അമേരിക്കൻ മുൻ പ്രസിഡന്റായ സാക്ഷാൽ ബരാക്ക് ഒബാമ തന്നെയാണ്.

ബരാക്ക് ഒബാമ ഷെർവാണി അണിഞ്ഞ് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കാതെ പോകുന്നതിന് സാദ്ധ്യത വളരെക്കുറവാണ്. അതു കൊണ്ട് തന്നെ ഷെർവാണി ധരിച്ച ഒബാമ പെട്ടെന്ന് തന്നെ വൈറലായി. യാഥാർഥത്തിൽ ഒരു ടെക്സ്റ്റൈൽ ഷോറൂമിൽ നിന്നുള്ള ഒബാമയുടെ രൂപത്തിലുള്ള ഡമ്മിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രത്തിലുള്ളത്. പക്ഷേ ദീപാവലിയ്ക്ക് മുന്നോടിയായി മുൻ അമേരിക്കൻ പ്രസിഡന്റ് ഷെർവാണി ധരിച്ച് പ്രത്യക്ഷപ്പെട്ടു എന്ന രീതിയിലായിരുന്നു പലരും ചിത്രം പങ്കുവെച്ചത്.

ടെക്സ്റ്റൈൽ ഷോപ്പുകളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാനായി ഇത്തരത്തിലുള്ള ഡമ്മികൾ വെയ്ക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ ആ പതിവ് ഒരിത്തിരി കടന്നു പോയതാണ് ഡമ്മിയായി ഒബാമ തന്നെ പ്രത്യക്ഷപ്പെടാനുള്ള കാരണമായി സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. കടും നീല നിറത്തിലെ ഷെർവാണി ധരിച്ച ഒബാമയുടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രം എവിടെ നിന്നുള്ളതാണ് എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ദീപാവലി കച്ചവടം തകൃതിയായി നടക്കുന്നതിനിടയിൽ കടയിലേയ്ക്ക് ആളുകളുടെ ശ്രദ്ധയാകർഷിക്കാനായി സാക്ഷാൽ ഒബാമയെ തന്നെ മോഡലാക്കിയ കടയുടമയുടെ ആശയത്തെ അഭിനന്ദിക്കാതെ വയ്യ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം.

obama’s Diwali party outfit pic.twitter.com/Ny7c1Jl6le

— vibes are ?!?!?!?! (@lilcosmicowgirl) October 18, 2022