andhra

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഭർത്താവിന്റെ പീഡനത്തെത്തുടർന്നുള്ള കേസിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ കൗൺസിലിംഗിനു പോയ 22 വയസുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. തീയണച്ച ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവുമായുള്ള വാക്കു തർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സത്യം ജംഗ്ഷൻ പ്രദേശത്തിന് സമീപം നക്കവാണിപാലത്തുള്ള വാമല ശ്രാവണി ആണ് മരിച്ചത്. യുവതി എൽ.എൽ.ബി വിദ്യാർത്ഥിനിയാണെന്നും ഭർത്താവ് വിനയ് കുമാർ ഇതേ കോളേജിൽ യുവതിയുടെ സീനിയറാണെന്നും പൊലീസ് പറഞ്ഞു. രണ്ടര വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം നാല് മാസം മുമ്പായിരുന്നു. ഭർത്താവ് മദ്യത്തിനടിമയാണെന്നും തന്നെ മർദ്ദിക്കാറുണ്ടെന്നും കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ വിനയ്യുടെ രണ്ടാം വിവാഹമാണിതെന്നും അത് വാമലയ്ക്ക് അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ സ്നേഹത്തിലായിരുന്നെന്നും പിന്നീട് വിനയ്യുടെ സ്വഭാവം മാറിയെന്നും വാമലയുടെ പരാതിയിൽ പറയുന്നു.