-madhu-murder-case

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ സാക്ഷികളുടെ പുനർ വിചാരണ വേളയിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഇന്ന് വിസ്തരിച്ച രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞു. കേസിലെ 18-ഉം 19-ഉം സാക്ഷികളായ കാളിമൂപ്പൻ, കക്കി എന്നിവരെയാണ് മണ്ണാർക്കാട് എസ്.സി എസ്ടി കോടതി പുനർ വിചാരണയ്ക്കായി വിളിപ്പിച്ചത്. ജൂലൈ 30-ന് നടന്ന വിസ്താരത്തിൽ ഇരുവരും നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ വ്യത്യാസം വരുത്തിയിരുന്നു. കൂറുമാറിയ ഇവരെ കോടതി രണ്ടാമതും വിസ്തരിച്ചപ്പോഴാണ് കേസിൽ നിർണായകമായ മൊഴിമാറ്റം ഉണ്ടായത്.

ആദ്യം വിസ്തരിച്ച സമയത്ത് നാട്ടുകാരായ പ്രതികൾ ജാമ്യം നേടി പുറത്തുണ്ടായിരുന്നെന്നും അവരെ ഭയന്നാണ് മൊഴി മാറ്റി പറഞ്ഞതെന്നും 19-ാം സാക്ഷിയായ കക്കി കോടതിയെ ബോധിപ്പിച്ചു. പ്രതികൾക്ക് അനുകൂലമായ മൊഴി നൽകിയതിന് കോടതിയോട് ക്ഷമ ചോദിച്ച കക്കി, ഇവർ മധുവിനെ പിടിച്ച് കൊണ്ടു വരുന്നത് കണ്ടെന്നും രണ്ടാം പ്രതിയോട് മധു അജമലയിൽ ഉണ്ടെന്ന കാര്യം പറഞ്ഞതും കോടതിയിൽ സമ്മതിച്ചു. കൂടാതെ പ്രതികളെ വിസ്താരവേളയിൽ തിരിച്ചറിയുകയും ചെയ്യ്തു.

മുൻപ് കൂറു മാറിയതിൽ കുറ്റബോധമുണ്ടെന്നും, ആ കുറ്റബോധം പേറിയാണ് ഇത്രയും കാലം ജീവിച്ചതെന്നും കക്കി മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനർ വിസ്താരം നിശ്ചയിച്ച ഒക്ടോബർ 20-ന് തലേദിവസം കക്കിയും കാളിമൂപ്പനും സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാണാൻ പോയതിനെ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പൊലീസിന് കൊടുത്ത മൊഴി നാളെ കോടതിയിൽ ആവർത്തിക്കണം എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോൻ പറഞ്ഞതായി കക്കി മറുപടി നൽകുകയും ചെയ്തു. എന്നാൽ ഇതിൽ യാതൊരു വിധത്തിലുള്ള ദുരൂഹതയും കോടതി മുൻപാകെ തെളിയിക്കാൻ പ്രതിഭാഗത്തിനായില്ല. കാളിമൂപ്പന്റെ പുനർ വിസ്താരത്തിനിടയിൽ പ്രോസിക്യൂഷൻ മൊഴിയിലെ ചില ഭാഗങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്യ്തു.

അതേ സമയം മധുകൊലക്കേസിൽ റിമാൻഡിലായിരുന്ന 11 പ്രതികൾക്ക് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി ജാമ്യം അനുവദിച്ചു. മധുവിൻ്റെ അമ്മ, സഹോദരിമാർ എന്നിവരെ കാണരുത്, ഭീഷണിപ്പെടുത്തരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാകേണ്ടതുമുണ്ട്. സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചത് വിചാരണ കോടതിയ്ക്ക് ബോദ്ധ്യമായതോടെ കേസിലെ 12 പ്രതികളുടെ ‌ ജാമ്യം ഓഗസ്റ്റ് 20-ന് റദ്ദാക്കിയിരുന്നു.