
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, നാളെ ( വെള്ളി) പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. കേരളതീരത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലക്ഷദ്വീപ് തീരത്ത് വ്യാഴം മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്.
വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദമായും ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക്, വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ഒക്ടോബർ 25 ഓടെ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനടുത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബി കടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതായും പ്രവചനമുണ്ട്.