
ലണ്ടൻ: ബ്രിട്ടനിൽ അധികാരമേറ്റ് 45ാ-ം ദിനം പ്രധാവന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനെ അടുത്ത വെള്ളിയാഴ്ചയോടെ കണ്ടെത്തിയേക്കും . ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിനാണ് പ്രധാനമന്ത്രിയാകാൻ കൂടുതൽ സാദ്ധ്യത . കഴിഞ്ഞ തവണ കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് കടുത്ത പോരാട്ടത്തിൽ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടത്. ട്രസ് 57% വോട്ട് നേടിയിരുന്നു. ഇത്തവണ സുനകിനാണ് നിരീക്ഷകർ കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. പാർലമെന്റംഗമായ 49കാരി പെനി മോർഡോണ്ട് ആണ് സുനകിന്റെ മുഖ്യ എതിരാളി. സുനകിന് 50 ശതമാനം സാദ്ധ്യതയും പെനി മോർഡോണ്ടിന് 31 ശതമാനം സാദ്ധ്യതയുമാണ് നിരീക്ഷകർ കാണുന്നത്.
ബ്രിട്ടനിൽ അശാസ്‌ത്രീയമായി നികുതികൾ വെട്ടിക്കുറച്ച സാമ്പത്തിക പാക്കേജിനെതിരെ കൺസർവേറ്റിവ് പാർട്ടിയിലും പുറത്തും രൂക്ഷമായ പ്രതിഷേധത്തെ തുടർന്നാണ് ലിസ് ട്രസ് രാജിവച്ചത്. അധികാരമേറ്റ് 44ാം ദിവസമാണ് ട്രസിന്റെ രാജി. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ട്രസ് രണ്ട് നൂറ്റാണ്ടിനിടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ഒഴിയുന്നത്. അധികാരത്തിലിരിക്കെ 1827ൽ മരണമടഞ്ഞ ജോർജ് കാനിംഗ് ആണ് മുമ്പ് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് - 119 ദിവസം.