
തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷികവിളകൾക്ക് നിഷ്കർഷിച്ചിട്ടുള്ള സ്കെയിൽ ഓഫ് ഫിനാൻസ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് പുനരാവിഷ്കരണം എന്ന് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റ് ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ വിളകളിൽ സ്കെയിൽ ഓഫ് ഫിനാൻസ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ വ്യക്തമായി അവലോകനം ചെയ്യേണ്ടതുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർ, നബാർഡ്, കൃഷിവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കാർഷിക വിളകൾക്കുള്ള സ്കെയിൽ ഓഫ് ഫിനാൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനും നിലവിലെ സ്കെയിൽ ഓഫ് ഫിനാൻസ് തയ്യാറാക്കുന്ന രീതികളും പ്രശ്നങ്ങളും ചർച്ചചെയ്യുന്നതിനും തിരുവനന്തപുരത്ത് തൈക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിവിധ കാർഷിക വിളകൾക്കുള്ള ഹ്രസ്വകാല കാർഷിക വായ്പാ പരിധി ബാങ്കുകൾ സ്കെയിൽ ഓഫ് ഫിനാൻസ് അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. കാർഷികമേഖല തുടർച്ചയായ വർഷങ്ങളിൽ നേരിട്ട പ്രതിസന്ധികൾ ക്കുശേഷം അതിജീവനത്തിന്റെ പാതയിൽ ആണ്. നിലവിലെ സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങൾ കൂടി കണക്കിലെടുത്ത് കാർഷിക വിളകൾക്കുള്ള സ്കെയിൽ ഓഫ് ഫിനാൻസ് പുതുക്കി നിശ്ചയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി സൂചിപ്പിച്ചു. അസാം, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഓരോ വിളകളുടെയും കൃഷി ചെലവ് ശാസ്ത്രീമായി കണ്ടെത്തി സ്കെയിൽ ഓഫ് ഫിനാൻസ് നിശ്ചയിക്കുന്നതിന് മികച്ച ഒരു ചിട്ടയായ സംവിധാനം തന്നെയുണ്ട് എന്നും ഇതിലെ നല്ല ആശയങ്ങൾ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ് എന്നും മന്ത്രി സൂചിപ്പിച്ചു. കർഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഒരേവിധം സ്വീകാര്യമാകുന്ന തരത്തിൽ സ്കെയിൽ ഓഫ് ഫിനാൻസ് മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന് പ്രൈസസ് ബോർഡ് ചെയർമാൻ ഡോ രാജശേഖരൻ അഭിപ്രായപ്പെട്ടു.
ഓരോ വർഷവും കൃഷി ചെലവുകൾ അടിസ്ഥാനമാക്കി ജില്ലയിലെ സാങ്കേതിക സമിതി സ്കെയിൽ ഓഫ് ഫിനാൻസ് ശുപാർശ ചെയ്യുകയും സംസ്ഥാന സാങ്കേതിക സമിതി പരിശോധിച്ച് അംഗീകാരം നൽകുകയുമാണ് ചെയ്തുവരുന്നത്. ബാങ്ക് പ്രതിനിധികൾ,നബാർഡ്,കൃഷി -മറ്റ് അനുബന്ധ വകുപ്പുകൾ, സഹകരണ വകുപ്പ്, കേരള ബാങ്ക്, തെരഞ്ഞെടുത്ത കർഷകർ എന്നിവർ ഈ സമിതികളിൽ അംഗങ്ങളാണ്.
തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കൃഷി ഡയറക്ടർ ടി.വി. സുഭാഷ് ,കേരള ബാങ്ക് സി.ഇ. ഒ ഇൻചാർജ് കെ.സി. സഹദേവൻ, നബാർഡ് പ്രതിനിധികൾ, മറ്റു ബാങ്ക് പ്രതിനിധികൾ, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,കർഷകർ എന്നിവർ പങ്കെടുത്തു.