
വണ്ടിപ്പെരിയാർ : ഓൺലൈൻ റമ്മി കളിച്ച് നഷ്ടമായ പണം വീണ്ടെടുക്കനായി വീടുകളിൽ മോഷണം നടത്തി സ്വർണ്ണം അപഹരിച്ച പ്രതിയെ പൊലീസ് പിടികൂടി. വണ്ടിപെരിയാർ മഞ്ജുമല പുതുക്കാട്പുതുലയം യാക്കോബിനെയാണ് പിടികൂടിയത്. മഞ്ചു മലയിൽ 3 പവൻ സ്വർണ്ണം മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം വണ്ടി പ്പെരിയാർ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതോടെയാണ് മഞ്ചുമലപ്രദേശത്ത്മാത്രം ആറ് വീടുകളിൽ നിന്നുമായി സ്വർണ്ണം മോഷണം പോയ പരാതിഎത്തിയത്. നാട്ടുകാരിൽ ചിലർ സൂചന നൽകിയതോടെയാണ് യാക്കോബിനെ ചോദ്യം ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു.
വീട് പണിക്ക് വച്ചിരുന്ന ഒന്നരലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു . ആളുകൾ ഇല്ലാത്ത വീടുകളിൽ വെളിയിൽ വച്ചിരുന്ന താക്കോൽ എടുത്ത് വീടിനുള്ളിലെ അലമാര തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം തിരികെ അതേ സ്ഥലത്തു തന്നെ താക്കോൽ വച്ചതോടെയാണ് ആളുകൾക്ക് സ്വർണ്ണം മോഷണം പോയതാണെന്ന സംശയം തോന്നാതിരുന്നത്. വണ്ടിപ്പെരിയാർ പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വണ്ടി പ്പെരിയാർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സാംഫിലിപ്പ് . സബ്ബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.