
കാസർകോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർകോഡ് കുമ്പളയിൽ പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ സുരേന്ദ്രൻ സംരക്ഷിച്ചുവെന്ന് ആരോപിച്ചാണ് പോസ്റ്റർ. ഇന്ന് വൈകിട്ട് സുരേന്ദ്രൻ കുമ്പളയിൽ എത്താനിരിക്കെയാണ് കാസർകോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കെ സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്. പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികൾക്ക് നീതി കിട്ടും വരെ പോരാടുക’– എന്നെഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനാക്കാൻ ബിജെപി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തേ പ്രതിഷേധം നടന്നിരുന്നു. അതേസമയം, പോസ്റ്റർ വിഷയം വാർത്തയായതിന് പിന്നാലെ അണികളെത്തി പോസ്റ്റർ നീക്കം ചെയ്തിട്ടുണ്ട്.