
കൊല്ലം : കേരള മനസാക്ഷിയെ ഞെട്ടിച്ച കിളികൊല്ലൂർ പൊലീസ് പീഡനത്തിൽ സൈന്യം ഇടപെടുന്നു. സൈനികനായ വിഷ്ണുവിനെയും സഹോദരനെയുമാണ് കള്ളക്കേസിൽ കുടുക്കി കിളികൊല്ലൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. സൈനികനെ അറസ്റ്റ് ചെയ്ത വിവരം സൈന്യത്തിൽ നിന്നും മറച്ചു വച്ചതടക്കമുള്ള കാര്യങ്ങളിലാണ് സൈന്യം ഇടപെടുന്നത്. ഇതിനകം സംഭവത്തിൽ ഡിജിപിയോടും, ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി. സൈനികനെ ക്രൂരമായി മർദ്ദിച്ചതിൽ വിഷ്ണുവിന്റെ മാതാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
സൈനികൻ അവധിയിൽ നാട്ടിൽ പോയാലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുന്നത്. അതിനാൽ തന്നെ സൈനികനെതിരെ കേസെടുത്താൽ അത് അയാൾ ഡ്യൂട്ടി ചെയ്യുന്ന റെജിമെന്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സൈനിക ഇടപെടലുണ്ടായതിനാൽ കിളികൊല്ലൂരിലെ ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥർക്ക് പതിവ് പോലെ കുറച്ച് നാൾ സസ്‌പെൻഷനിൽ നിർത്തി തിരികെ യൂണിഫോം നൽകാൻ സാധിക്കുകയില്ല. മിലിട്ടറി പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തും. പൊലീസിനെതിരെ അന്വേഷണം നടത്തേണ്ടതിനാൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്താനും സൈന്യത്തിനാവും. ഈ സാദ്ധ്യതയും കിളികൊല്ലൂർ സംഭവത്തിൽ പരിഗണിക്കുന്നുണ്ട്.
പതിവ് സസ്‌പെൻഷനിൽ ഒതുക്കാൻ പൊലീസ്
സൈനികനായ കരിക്കോട് പേരൂർ ഇന്ദീവരത്തിൽ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനുമെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഇരുവരെയും ക്രൂരമായി മർദ്ദിച്ചതായും കണ്ടെത്തിയതോടെ കിളികൊല്ലൂർ എസ്.എച്ച്.ഒ അടക്കം നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐ എ.പി. അനീഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സീനിയർ സി.പി.ഒ മണികണ്ഠൻപിള്ള എന്നിവരെയാണ് ദക്ഷിണമേഖല ഐ.ജി. പി.പ്രകാശ് സസ്‌പെൻഡ് ചെയ്തത്. ഡി.ഐ.ജി നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവം വൻ വിവാദമായതോടെ കെ. വിനോദിനോട് സ്റ്റേഷൻ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്നലെ രാവിലെ ഡി.ജി.പി നിർദ്ദേശിച്ചു. പിന്നാലെയാണ് സസ്‌പെൻഷൻ. മറ്റ് മൂന്ന് പേരെ കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഐ.ജി ഉത്തരവിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ എ.സി.പി ഇന്നലെ വിഘ്‌നേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.