
കൊല്ലം: ഡോ.എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. ജസ്‌റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഡോ. രാജശ്രീ എം.എസിനെ നിയമിച്ചതാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. യുജിസി ചട്ടം അനുസരിച്ചല്ല വി.സിയുടെ നിയമനമെന്ന് കാട്ടി കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ് ശ്രീജിത്താണ് ഹർജിക്കാരൻ.
യുജിസി ചട്ടങ്ങൾ അംഗീകരിച്ചാൽ അത് നടപ്പാക്കാനുളള ബാദ്ധ്യത സർവകലാശാലയ്‌ക്കുണ്ടെന്ന സുപ്രീംകോടതിയുടെ അടുത്തകാലത്തുണ്ടായ വിധി അടിസ്ഥാനമാക്കിയാണ് പി.എസ് ശ്രീജിത്ത് ഹർജി നൽകിയത്. നിയമനത്തിന് യുജിസി ചട്ടപ്രകാരം ഒരു പാനൽ കൈമാറുന്നതിന് പകരം ഡോ. രാജശ്രീ എം.എസിന്റെ പേര് മാത്രമാണ് നൽകിയത്. ഇത് ചട്ടപ്രകാരമല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടർന്നാണ് ഇന്ന് നിയമനം റദ്ദാക്കി ഉത്തരവുണ്ടായത്.
2019 ഫെബ്രുവരി രണ്ടിനാണ് സാങ്കേതിക സർവകലാശാലയുടെ വി.സിയായി ഡോ.രാജശ്രീ എം.എസിനെ നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. എന്നാൽ ഈ നിയമനത്തിൽ മൂന്നോളം ചട്ടലംഘനമുണ്ടെന്ന് കാട്ടിയാണ് പി.എസ് ശ്രീജിത്ത് കോടതിയെ സമീപിച്ചത്. വൈസ് ചാൻസലറെ നിയമിക്കുന്ന സെർച്ച് കമ്മിറ്റിയുടെ രൂപീകരണം തന്നെ ചട്ടലംഘനത്തോടെയായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളെ വേണം സെർച്ച് കമ്മിറ്റിയിൽ നിയമിക്കാൻ. അതിനുപകരം ചീഫ് സെക്രട്ടറിയെയാണ് കമ്മിറ്റി അംഗമാക്കിയത്. വിദ്യാഭ്യാസ മേഖലയിലെ വ്യക്തിയായിരുന്നില്ല അദ്ദേഹമെന്ന് ഹർജിക്കാരനുവേണ്ടി അഭിഭാഷകർ വാദിച്ചു.
എഐസിടിഇ നോമിനിയായി ഡോ. രാജശ്രീയുടെ പേര് മാത്രമാണ് പാനലിന് പകരം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ ഡോ. അമിത് ജോർജ്. മുഹമ്മദ് സാദിഖ് എന്നീ അഭിഭാഷകർ വാദിച്ചു. എന്നാൽ 2015ലെ സാങ്കേതിക സർവകലാശാല നിയമനത്തിന്റെ 13ാം വകുപ്പനുസരിച്ചുളള നടപടിക്രമം പാലിച്ചാണ് ഡോ. രാജശ്രീയുടെ നിയമനമെന്ന് സംസ്ഥാന സർക്കാരിന്റെയും രാജശ്രീയുടെയും അഭിഭാഷകർ കോടതിയിൽ വാദിച്ചത്.