book-release-

ന്യൂഡൽഹി : ജിഹാദ് എന്ന ആശയം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഗീതയിൽ കാണാമെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലീന്റെ പ്രസ്താവന വിവാദമായി. ഡൽഹിയിൽ പുസ്തക പ്രകാശന ചടങ്ങിൽ വച്ചാണ് ശിവരാജ് പാട്ടീൽ വിവാദ പ്രസ്താവന നടത്തിയത്. മഹാഭാരത യുദ്ധത്തിൽ ഭഗവാൻ കൃഷ്ണൻ അർജുനന് ജിഹാദിനെക്കുറിച്ചുള്ള പാഠങ്ങളാണ് പകർന്ന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ശിവരാജ് പാട്ടീൽ ജിഹാദിനെ കുറിച്ച് വാചാലനായത്. കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ദിഗ്വിജയ് സിംഗ്, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

'ഇസ്ലാമിൽ ജിഹാദിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. അത് ഖുർആനിലും ഗീതയിലും പരാമർശിച്ചിട്ടുണ്ട്.... മഹാഭാരതത്തിലെ ഗീതയുടെ ഒരു ഭാഗത്ത് ശ്രീകൃഷ്ണൻ അർജുനന് ജിഹാദിന്റെ പാഠങ്ങൾ നൽകി' ചടങ്ങിൽ സംസാരിക്കവെ പാട്ടീൽ പറഞ്ഞു.

യു പി എ ഭരണകാലത്ത് 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ച ശിവരാജ് പാട്ടീൽ 2010 മുതൽ 2015 വരെ ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം പാട്ടീലിന്റെ വിവാദ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് ബി ജെ പി രംഗത്ത് വന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ബാങ്ക് ധ്രുവീകരിക്കാനുള്ള ബോധപൂർവമായ തന്ത്രമാണിതെന്നാണ് ആക്ഷേപം.