
കൊച്ചി: പൊലീസുകാരൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം എ ആർ ക്യാമ്പിലെ പൊലീസുകാരനും അടൂർ സ്വദേശിയുമായ അമൽ ദേവ് ആണ് മോഷണം നടത്തിയത്. ഞാറയ്ക്കൽ പെരുമ്പിള്ളിയിലാണ് ഇയാൾ താമസിച്ചിരുന്നത്.
സുഹൃത്തായ ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് അമൽ മോഷണം നടത്തിയത്. നടേശന്റെ മരുമകളുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ കവർന്നത്. സെപ്‌തംബർ പതിമൂന്നിനാണ് മോഷണം നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്.
മോഷണ സമയത്ത് നടേശന്റെ മരുമകൾ വീട്ടിലില്ലായിരുന്നു. അലമാരയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി വീട്ടിൽ തിരിച്ചെത്തിയത്. സ്വർണം കാണാനില്ലെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അമൽ സ്ഥിരമായി നടേശന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. റമ്മി കളിയിലൂടെ ഇയാൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ബാദ്ധ്യത തീർക്കാൻ ആരോടൊക്കെയോ പണം ചോദിച്ചെന്നും പറയപ്പെടുന്നു. അതേസമയം, കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കോട്ടയത്തെ പൊലീസുകാരന്റെ മാങ്ങ മോഷണക്കേസ് ഒത്തുതീർപ്പാക്കിയിരുന്നു.