amit-shah

ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നക്സൽ ബാധിത പ്രദേശങ്ങളിലും സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച്, ദേശീയ പൊലീസ് സ്മാരകത്തിൽ കർത്തവ്യ നിർവഹണത്തിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.


'രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ നല്ല മാറ്റമുണ്ട്. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും, കാശ്മീരിലുമൊക്കെ വലിയ പ്രശ്നങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. അന്ന് സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകിയിരുന്നു. എന്നാൽ ഇന്ന് പ്രദേശവാസികളുടെ പുരോഗതിക്കായി പ്രത്യേക അധികാരം നൽകിയിട്ടുണ്ട്.

അന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുന്ന യുവാക്കൾ ഇപ്പോൾ സർക്കാർ ആവിഷ്‌കരിച്ച വിവിധ വികസന പദ്ധതികളിൽ പങ്കാളികളാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് കീഴിൽ, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.' അമിത് ഷാ പറഞ്ഞു.