youth

തിരുവനന്തപുരം: ഒടിടി പ്ളാറ്റ്‌ഫോമിലെ വെബ്‌സീരീസിൽ നായകനാക്കാമെന്ന വാഗ്‌ദാനം നൽകി യുവാവിനെ നിർബന്ധിച്ച് അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന് പരാതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒടിടി പ്ളാറ്റ്‌ഫോമിനും വനിതാ സംവിധായികയ്‌ക്കും എതിരെ മുഖ്യമന്ത്രിയ്‌ക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറർക്കും വെങ്ങാനൂർ സ്വദേശിയായ ഇരുപത്തിയാറുകാരൻ പരാതി നൽകിയിട്ടുണ്ട്. തന്നെക്കൊണ്ട് നിർബന്ധിച്ച് അഭിനയിപ്പിച്ച ചിത്രം ദീപാവലി ദിവസം റിലീസാകുമെന്നും ഇത് പുറത്തിറങ്ങിയാൽ നാട്ടിലോ വീട്ടിലോ ജീവിക്കാനാവില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ പറയുന്നു.

വനിതാ സംവിധായിക ഒരുക്കുന്ന ചിത്രം മലയാളമടക്കം അഞ്ച് ഭാഷകളിലാണ് റിലീസാകുക. ചിത്രത്തിന്റെ അറിയിപ്പ് ടെലഗ്രാമിലടക്കം വന്നതോടെ വീട്ടുകാർ പുറത്താക്കി. ഇപ്പോൾ സുഹൃത്തിന്റെ കൊച്ചിയിലുള‌ള ഒറ്റമുറി ഫ്ളാറ്റിലാണ് താമസമെന്നും യുവാവ് വ്യക്തമാക്കി. ഒടിടി സീരീസിൽ നായകനാക്കാം എന്നറിഞ്ഞാണ് യുവാവ് ഈ ഒടിടി പ്ളാറ്റ്‌ഫോമിൽ അപേക്ഷ നൽകിയത്. അരുവിക്കരയിലെ ഒരു റിസോർട്ടിലായിരുന്നു ഷൂട്ട്. ആദ്യം തന്നെ എഗ്രിമെന്റ് ഒപ്പിട്ടിരുന്നു. അൽപം കഴിഞ്ഞാണ് ഇത് അഡൾട്‌സ് ഒൺലി പ്ളാറ്റ്‌ഫോമാണെന്നും അശ്ളീലചിത്ര നായകനാണ് താനെന്നും യുവാവറിഞ്ഞത്. ഇതറിഞ്ഞ് മടങ്ങിപ്പോകാൻ ശ്രമിച്ച യുവാവിനോട് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം അവർ ചോദിച്ചു. തുടർന്ന് നിറകണ്ണോടെ തനിക്ക് ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നുവെന്ന് യുവാവ് പറഞ്ഞു.