court

ന്യൂഡൽഹി: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി സുപ്രീംകോടതി തള‌ളി. കേസിലെ ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും. ദിലീപും വിചാരണ കോടതി ജഡ്‌ജിയും തമ്മിൽ ബന്ധമുള‌ളതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു. നേരിട്ടോ അല്ലാതെയോ വിചാരണക്കോടതി ജഡ്‌ജി ദിലീപുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് കോടതി ചോദിച്ചത്. ദിലീപടക്കം പ്രതികൾ ജഡ്‌ജിയുമായി ബന്ധപ്പെട്ടതിനും കോടതി തെളിവ് ആവശ്യപ്പെട്ടു.

ജഡ്‌ജിയ്‌ക്കെതിരായ ഇത്തരം ആരോപണങ്ങൾ ജുഡീഷ്യറിയെ മലിനപ്പെടുത്തുമെന്ന് വ്യക്തമാക്കിയ കോടതി വിചാരണ നടത്തുന്ന ജഡ്‌ജിയോട് വായടച്ചിരിക്കാൻ പറയാനാകില്ലെന്നും വ്യക്തമാക്കി. ജസ്‌റ്റിസ് അജയ് രസ്തോഗിയാണ് കേസ് പരിഗണിച്ചത്. ഭർത്താവിനെതിരെ ആരോപണമുള‌ളതുകൊണ്ട് ജഡ്‌ജിയെ എങ്ങനെ സംശയിക്കാനാകുമെന്ന് ചോദിച്ച കോടതി ഇത്തരം ആരോപണങ്ങൾ ജുഡീഷ്യൽ ഉദ്യോഗസ്ഥയെ സമ്മർദ്ദത്തിലാക്കില്ലേ എന്ന് ചോദിച്ചാണ് അതിജീവിതയുടെ ഹർജി തള‌ളിയത്.