passenger-

ഇസ്താംബൂൾ : ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ലുഫ്താൻസ ഫ്‌ളൈറ്റ് മെഡിക്കൽ എമർജൻസി കാരണം തുർക്കിയിലെ ഇസ്താംബൂളിൽ അടിയന്തരമായി ലാന്റ് ചെയ്തു. എന്നാൽ ഇവിടെ നിന്നും വിമാനത്തിന് പറന്നുയരാനുള്ള സമയം ലഭിച്ചത് മണിക്കൂറുകൾക്ക് ശേഷം . ഇതേതുടർന്ന് ക്ഷീണിതരായ യാത്രക്കാർ വിമാനത്താവളത്തിൽ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ടതായി വന്നു. ഒക്‌ടോബർ 18ന് യാത്ര തിരിച്ച വിമാനം പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥലമായ ബംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഒക്ടോബർ 19ന് രാത്രി 10:30 ന് (ഇന്ത്യൻ സമയം) മാത്രമാണ് ഇസ്താംബൂളിൽ നിന്നും വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ കഴിഞ്ഞത്. ഉദ്ദേശം രണ്ട് ദിവസത്തോളം സമയമാണ് ഇതുമൂലം യാത്രക്കാർക്ക് നഷ്ടമായത്.

മുന്നോറോളം ഇന്ത്യക്കാരായിരുന്നു ബംഗളൂരുവിലേക്കുള്ള ലുഫ്താൻസ ഫ്‌ളൈറ്റിലുണ്ടായിരുന്നത്. വിമാനം ഷെഡ്യൂൾ ചെയ്യാത്ത സ്ഥലത്ത് നിന്നും പുറപ്പെടാൻ രണ്ട് ദിവസത്തോളം സമയം എടുത്തതിൽ യാത്രക്കാരെല്ലാവരും അസ്വസ്ഥരാണ്. ഗ്രാമി അവാർഡ് ജേതാവായ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജ് ഉൾപ്പടെയുള്ളവർ യാത്രക്കാരിലുണ്ട്. വിമാനം യാത്ര ആരംഭിക്കുന്നതിനുള്ള അറിയിപ്പ് ലഭിച്ചതായി പലതവണ വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചുവെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. നാല് പ്രാവശ്യത്തോളം ഇത്തരത്തിൽ കമ്പനി സമയം മാറ്റി പറഞ്ഞതായും യാത്രക്കാർ ആരോപിക്കുന്നു.

ഒക്ടോബർ 19ന്, അതായത് ബുധനാഴ്ച രാവിലെ 1:25 ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനം തുർക്കിയുടെ വ്യോമാതിർത്തിയായ കരിങ്കടലിന് മുകളിലെത്തിയപ്പോഴാണ് മെഡിക്കൽ എമർജൻസിയുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ഇസ്താംബൂളിൽ അടിയന്തര ലാൻഡിംഗ് നടത്തി. സുരക്ഷാ കാരണങ്ങളാൽ, ഫ്‌ളൈറ്റ് യാത്ര പുനരാരംഭിക്കുന്നതിന് മുൻപ് വിമാനത്തിലെ ഓക്സിജൻ സിലിണ്ടറുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും, ഈ പ്രവർത്തിക്ക് ഉദ്ദേശിച്ചതിലും കൂടുതൽ സമയമെടുത്തതിനാലാണ് സമയം നീട്ടേണ്ടി വന്നതെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാർക്കുള്ള അസൗകര്യങ്ങൾ കുറയ്ക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും, അസൗകര്യങ്ങളിൽ ഖേദിക്കുന്നതായും ലുഫ്താൻസ അറിയിച്ചു.