gov

തിരുവനന്തപുരം: സർക്കാരിനും സർവകലാശാലകൾക്കുമെതിരെ നിലപാടെടുത്ത ഗവർണർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി എൽ‌ഡിഎഫ്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇല്ലാത്ത അധികാരം പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഭീഷണിയെ തുറന്നുകാണിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിലേക്കാണ് ഇടതുമുന്നണി നീങ്ങുന്നത്. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി രാഷ്‌ട്രീയ പ്രേരിതമാണ്. ഗവർണറുടെ ഈ നീക്കം തുറന്നുകാട്ടണമെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലുയർന്ന അഭിപ്രായം.

ഗവർണറുടെ നടപടിയെ മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമർശിച്ചിരുന്നു. ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമദ്ധ്യത്തിൽ അപഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം കേരള സർവകലാശാല സെനറ്റിൽ നിന്നും ഗവർണർ പുറത്താക്കിയ 15പേർ ഹൈക്കോടതിയെ സമീപിച്ചു. നിയമവിരുദ്ധമാണ് പുറത്താക്കലെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ‌ കോടതിയെ സമീപിച്ചത്. അൽപസമയത്തിനകം ഹർജി പരിഗണിക്കും. പുറത്താക്കിയവർക്ക് രജിസ്‌ട്രാർ ഔദ്യോഗിക അറിയിപ്പും നൽകി. ഇതോടെ അടുത്തമാസം നാലിനും 19നുമിടയിലെ യോഗത്തിൽ പങ്കെടുക്കാൻ ഇവർക്കുളള ക്ഷണക്കത്ത് പിൻവലിച്ചതായി കണക്കാക്കും.