ant

നമ്മുടെ പരിസരങ്ങളിൽ എപ്പോഴും കാണപ്പെടുന്ന ജിവിയാണ് ഉറുമ്പ്. എന്നാൽ ഇത്രയും സുപരിചിതമായ ഉറുമ്പുകളുടെ മുഖം നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരിക്കലും ഉണ്ടാവില്ല. ഉറുമ്പുകൾ തീരെ ചെറുതായതിനാൽ അവയുടെ മുഖം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമാണ്. എന്നാൽ ഉറുമ്പിന്റെ മുഖത്തിന്റെ ക്ലോസപ്പ് ചിത്രം പകർത്തിയിരിക്കുകയാണ് ഒരു ലിത്വാൻ ഫോട്ടോഗ്രാഫർ.

ഒറ്റനോട്ടത്തിൽ കണ്ടാൽ ഭയം തോന്നുന്ന അതിക്രൂര ഭാവത്തോടെയാണ് ഉറുമ്പിനെ ചിത്രത്തിൽ കാണുന്നത്. ഈ ചിത്രം കണ്ട് സോഷ്യൽ മീഡിയയാകെ ഞെട്ടിയിരിക്കുകയാണ്. 2022 നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രാഫി മത്സരത്തിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്കാസ് ആണ് ഉറുമ്പിന്റെ ഫോട്ടോ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കാഴ്ചകൾ അവതരിപ്പിക്കുന്നതിനും മൈക്രോസ്കോപ്പ് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ മത്സരം കഴിഞ്ഞ 48 വർഷമായി നടത്തി വരുന്നത്. മത്സരത്തിൽ തിരഞ്ഞെടുത്ത 57 ചിത്രങ്ങളിൽ ഒന്നായിരുന്നു ഉറുമ്പിന്റെ മുഖമുള്ള ഈ ചിത്രം. 35 ഡോളറാണ് ചിത്രത്തിന് സമ്മാനമായി ലഭിച്ചത്.

ചുവന്ന കണ്ണുകളും സ്വർണ നിറത്തിലുള്ള കൊമ്പുകളും ചിത്രത്തിൽ കാണാം. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇത്രയും ഭയാനകമായിരന്നോ ഉറുമ്പിന്റെ മുഖം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.