pia

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിലെ ജീവനക്കാർ വിദേശ രാജ്യങ്ങളിൽ ചെന്ന ശേഷം മുങ്ങുന്നത് പതിവാകുന്നു. തിരികെ പാകിസ്ഥാനിലേക്കുള്ള യാത്രയിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ജീവനക്കാർ എത്താതിരിക്കുമ്പോഴാണ് വിമാന കമ്പനി കാര്യം അറിയുന്നത്. കാനഡയിലാണ് കൂടുതൽ പേരും ഒളിച്ചു കടക്കുന്നത്. ടൊറന്റോ എയർപോർട്ടിൽ ഇറങ്ങിയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിലെ (പിഐഎ) ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കാണാതായതാണ് ഒടുവിലത്തെ സംഭവം. ഈ വർഷം മാത്രം മൂന്നാമത്തെ പി ഐ എ ജീവനക്കാരനെയാണ് കാനഡയിൽ വച്ച് കാണാതാവുന്നത്.

ഇജാസ് ഷാ എന്ന പാകിസ്ഥാൻകാരനാണ് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം കടന്നത്. ഒക്‌ടോബർ 14 ന് വൈകുന്നേരമാണ് വിമാനം കാനഡയിൽ ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വിമാനത്തിന്റെ മടക്കയാത്രയിൽ ഡ്യൂട്ടി ചെയ്യാൻ ഇയാൾ എത്താതിരുന്നതോടെയാണ് ഷായെ കാണാതായതായി ഔദ്യോഗികമായി അറിയിച്ചു. കനേഡിയൻ ഇമിഗ്രേഷൻ അധികൃതർക്ക് ഷായെ കുറിച്ചുള്ള വിവരങ്ങൾ പാക് വിമാനകമ്പനി കൈമാറിയിട്ടുണ്ട്. ഇരുപത് വർഷം മുൻപാണ് ഇയാൾ പാക് വിമാന കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റും, എയർഹോസ്റ്റസും ഈ വർഷം ആദ്യം കാനഡയിൽ ഇറങ്ങിയ ശേഷം തിരികെ വന്നിരുന്നില്ല.