
ബാക്കു: കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവച്ച 2021ലെ ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങ് നവംബർ 20 ഞായറാഴ്ചയും 2022ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 22 ചൊവ്വാഴ്‌ചയും അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചടങ്ങുകളിൽ സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളും പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം ഏഴിന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന 16 - മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ അസർബൈജാൻ പാർലമെൻറ് അംഗം പ്രൊഫ. റുഫാത് ഗുലിയേവ്, മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. ബാക്കുവിലെ ലാൻഡ്‌മാർക്ക് ഹോട്ടലിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന 17 - മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ അസർബൈജാൻ പാർലമെൻറ് അംഗം റാസി നുറുല്ലയെവ്, ഇസ്രായേൽ അംബാസിഡർ ജോർജ് ഡീക്, ക്രൊയേഷ്യ അംബാസിഡർ ബ്രാങ്കോ സെബിക്, ഇന്ത്യൻ എംബസി കൾച്ചറൽ സെക്രട്ടറി അജയ് പാണ്ഡേ എന്നിവരാണ് വിശിഷ്ടാഥിത്ഥികൾ.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുൻ വർഷങ്ങളിൽ, 23 രാജ്യങ്ങളിൽ നിന്നുള്ള 78 പ്രവാസി മലയാളികൾക്കും പതിനൊന്ന് മലയാളി സംഘടനകൾക്കും രണ്ട് പ്രവാസി മലയാളി സംരംഭങ്ങൾക്കും ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്ക് ആതിത്ഥ്യമരുളിയിട്ടുണ്ട്.