simple-one-

രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വേലിയേറ്റമാണ്. പരമ്പരാഗത ഇരുചക്ര വാഹന നിർമ്മാതാക്കൾക്കൊപ്പം പുതിയ ഒരു നിരതന്നെ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ മേഖലയിൽ കാലെടുത്ത് വച്ചിട്ടുണ്ട്. ഈ മാസം പുറത്തിറങ്ങിയ ഹീറോ വിഡ മുതൽ വിപണിയിൽ അപ്രമാദിത്വം കണ്ടെത്തിയ ഒല വരെ കൂടുതൽ യൂണിറ്റുകൾ വിറ്റഴിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ മെനയുകയാണ്. ഈ മേഖലയിൽ മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന മറ്റൊരു സ്‌കൂട്ടറാണ് സിമ്പിൾ വൺ. ബംഗളൂരു ആസ്ഥാനമായ സിമ്പിൾ എനർജി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് തങ്ങളുടെ എതിരാളികളെ നേരിടാൻ സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചത്. എന്നാൽ വാഹനം ഡെലിവറിക്കായി ഇനിയും തയ്യാറായിട്ടില്ല.

സിമ്പിൾ എനർജി തങ്ങളുടെ ഉത്പന്നവുമായി സാമ്യമുള്ള പന്ത്രണ്ട് പേരുകൾ ഇപ്പോൾ ട്രേഡ് മാർക്ക് ചെയ്തിരിക്കുകയാണ്. സിമ്പിൾ ടു, സിമ്പിൾ ത്രീ, സിമ്പിൾ ഫോർ, സിമ്പിൾ ഫൈവ്, സിമ്പിൾ സിക്സ്, സിമ്പിൾ സെവൻ, സിംപിൾ എട്ട്, സിമ്പിൾ ഒമ്പത്, സിമ്പിൾ ടെൻ, സിമ്പിൾ വിഷൻ, സിമ്പിൾ വിഷൻ 25, സിമ്പിൾ ഗാലക്സി എന്നീ പേരുകളാണ് ട്രേഡ് മാർക്ക് ചെയ്തിട്ടുള്ളത്. എതിരാളികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ ഈ പേരുകളിൽ വാഹനങ്ങൾ ഇറക്കുന്നതിനോ വേണ്ടിയാവും സിമ്പിൾ എനർജി ഈ പേരുകളിൽ ട്രേഡ് മാർക്ക് സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവുക.

സിമ്പിൾ വൺ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഉയർന്ന റേഞ്ചാണ്. ഏറ്റവും വലിയ ബാറ്ററിയും ഉയർന്ന ടോർക്കും തങ്ങളുടെ ഉത്പന്നത്തെ ഒന്നാമതെത്തിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. സിമ്പിൾ വണ്ണിൽ ഫിക്സഡ് ബാറ്ററിയും ഇളക്കി മാറ്റാവുന്ന ബാറ്ററിയും ഉൾപ്പടെ സജ്ജീകരിച്ചിട്ടുണ്ട്. ഫിക്സഡ് ബാറ്ററിയിൽ 236 കിലോമീറ്ററും ഓപ്ഷണൽ റിമൂവബിൾ ബാറ്ററിയിൽ നിന്ന് 300 കിലോമീറ്ററും റേഞ്ചാണുള്ളതെന്നത് അതിശയിപ്പിക്കുന്ന മികവാണ്.


ഏറെ പ്രതീക്ഷയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്ന സിമ്പിൾ വൺ 2023 ന്റെ ഒന്നാം പാദത്തിൽ വിപണിയിൽ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഈ മാസം ലോഞ്ചുണ്ടാകുമെന്നാണ് നേരത്തെ കമ്പനി അറിയിച്ചിരുന്നത്.