പുലിമുരുകൻ എന്ന ഇൻഡസ്ട്രിയൽ ഹിറ്റിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'മോൺസ്റ്റർ'. പഞ്ചാബി ലുക്കിൽ മോഹൻലാൽ എത്തുന്ന ചിത്രം ആരാധകരും മലയാളി പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് ഫസ്റ്റ്ഡേ റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. ലാലേട്ടന്റെ ലക്കി സിംഗിനെ ഫാൻസ് ഏറ്റെടുത്തുകഴിഞ്ഞു.

നല്ല മെസേജുളള സ്റ്റോറിയാണ് മോൺസ്റ്ററിന്റേതെന്നാണ് പ്രേക്ഷകർ പറയുന്നത്. 'ലാലേട്ടന്റെ പക്കാ പെർഫോമൻസാണ് മിസാക്കരുത്' എന്ന് ആരാധകർ. മൂന്ന് വർഷത്തിന് ശേഷം ബിഗ്സ്ക്രീനിൽ മോഹൻലാലിനൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനായ സന്തോഷം ഹണി റോസ് പങ്കുവച്ചു. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലെന, ഹണി റോസ്, സിദ്ദിഖ്, സുദേവ് നായർ, ഗണേഷ് കുമാർ, ലക്ഷ്മി മഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവാണ് സംഗീതം. നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്.