
ഇസ്ളാമാബാദ്: വീണ്ടും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാമെന്ന ഇമ്രാൻ ഖാന്റെ മോഹത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അഞ്ച് വർഷത്തേക്കാണ് അയോഗ്യനാക്കിയത്. അതിനാൽ ഇനി അദ്ദേഹത്തിന് ദേശീയ അസംബ്ളിയിലേക്ക് മത്സരിക്കാനാവില്ല. അധികാരത്തിലിരിക്കെ വിദേശ നേതാക്കളിൽ നിന്ന് തനിക്ക് ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചെന്നും അഴിമതി കാണിച്ചുവെന്നുമുള്ള പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) സിക്കന്ദർ സുൽത്താൻ രാജയുടെ നേതൃത്വത്തിലുള്ള നാലംഗ ബെഞ്ചാണ് ഇസ്ലാമാബാദിലെ ഇസിപി സെക്രട്ടേറിയറ്റിൽ വിധി പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇമ്രാൻ ഖാന്റെ സഹായി ഫവാദ് ചൗധരി അറിയിച്ചു.
2018 ൽ അധികാരത്തിൽ എത്തിയ ഇമ്രാൻ, ഔദ്യോഗിക സന്ദർശന വേളയിൽ സമ്പന്ന അറബ് ഭരണാധികാരികളിൽ നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വിറ്റഴിച്ച സംഭവത്തിലാണ് നടപടി. പാകിസ്ഥാനിലെ നിമയം അനുസരിച്ച് സമ്മാനങ്ങൾ സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും അവ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ (തോഷഖാന) സമർപ്പിക്കണം. സമ്മാനങ്ങൾ സ്വന്തമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നിശ്ചിത തുക ( മൂല്യത്തിന്റെ ഏകദേശം 50 ശതമാനം) നിക്ഷേപിക്കണം. ഇമ്രാൻ ഇപ്രകാരം ചെയ്തുവെങ്കിലും വിലയേറിയ സമ്മാനങ്ങൾ തോഷഖാനയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി വൻ തുകയ്ക്ക് വിറ്റഴിക്കുകയും ഇതിലൂടെ അഴിമതി കാട്ടിയെന്നുമായിരുന്നു ആരോപണം. ഇതിനൊപ്പം തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വെളിപ്പെടുത്തിയില്ലെന്നും ആരോപണമുയർന്നു.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ മുസ്ളീം ലീഗാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഖാൻ വിറ്റഴിച്ചതിൽ ആഡംബര വാച്ചുകൾ, ആഭരണങ്ങൾ, ഡിസൈനർ ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.