
ഇത് ഞങ്ങളെ ഉദ്ദേശിച്ച് മാത്രമാണ് എന്ന് പാകിസ്ഥാന് തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദീസയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ വ്യോമത്താവളത്തിനെ കുറിച്ചാണ് പറയുന്നത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ഗുജറാത്ത് സന്ദർശനത്തിൽ തറക്കല്ലിട്ട ദീസ വ്യോമത്താവളം 2024ഓടെ പൂർണ്ണ സജ്ജമാകും.
ദീസ എന്തിന് ?
ഇന്ത്യ പാക് അതിർത്തിയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ദീസ എയർബേസിന് രാജ്യാതിർത്തിയിലെ പടിഞ്ഞാറൻ ഭാഗത്ത് നിന്ന് വരുന്ന ഏത് ഭീഷണിക്കും തക്ക പ്രതികരണം ഞൊടിയിടയിൽ നൽകാൻ കഴിയും. ഈ സ്ഥലത്തിന്റെ പ്രത്യേകത ആദ്യം മനസിലാക്കിയത് 2000ൽ വാജ്‌പേയി സർക്കാരാണ്. ഇവിടെ വ്യോമത്താവളം നിർമ്മിക്കുവാനായി തത്വത്തിൽ അദ്ദേഹം അനുമതി നൽകുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിൽ ഭരണം മാറുകയും യുപിഎ സർക്കാർ അധികാരത്തിൽ വരുകയും ചെയ്ത ശേഷം വർഷങ്ങളോളം ഫയലിൽ ഉറങ്ങാനായിരുന്നു ദീസയുടെ വിധി. രാജ്യസുരക്ഷയിൽ അതീവ പ്രാധാന്യമുണ്ടായിരുന്ന ഒരു പദ്ധതിക്കാണ് ഇങ്ങനെയൊരു ഗതികേടുണ്ടായത് എന്നത് ഏറെ ദുഖകരമാണ്.
ഇന്ത്യയിൽ മോദി സർക്കാർ അധികാരമേറ്റ ശേഷം 2017ൽ ഗുജറാത്തിലെ ബനസ്‌കന്തയിലുണ്ടായ വെള്ളപ്പൊക്കമാണ് ദീസ എയർബേസ് നിർമ്മിക്കുന്നതിനുള്ള ചിന്ത വീണ്ടും ഉണർത്തിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസം നടത്താൻ വ്യോമസേനയോട് അന്നത്തെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടപ്പോൾ മോശം കാലാവസ്ഥയും സമീപത്തെ എയർഫീൽഡും ഇല്ലാത്തതിനാൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലത്തേക്ക് എത്തിപ്പെടാൻ തങ്ങൾക്കുള്ള ബുദ്ധിമുട്ട് വ്യോമസേന മന്ത്രിയെ വിശദീകരിച്ചു. ഇതിനോടൊപ്പം ദീസയെന്ന ഫയലിൽ ഉറങ്ങുന്ന തങ്ങളുടെ സ്വപ്ന പദ്ധതിയെ കുറിച്ചും ഓർമ്മിപ്പിച്ചു. ഇക്കുറി വ്യോമസേനയുടെ ആവശ്യം അംഗീകരിച്ചു. 1000 കോടി രൂപയുടെ ധനസഹായത്തോടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപ്പോൾ പദ്ധതിക്ക് അംഗീകാരം നൽകിയത്. എയർബേസ് നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിച്ചതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദീസയിൽ വ്യോമസേനയ്ക്ക് പുതിയ ഫോർവേഡ് ബേസ് ഉണ്ടാകുമെന്ന കാര്യം ഉറപ്പായി.
പാകിസ്ഥാന് ഉറക്കം നഷ്ടപ്പെടും
ദീസ എയർബേസ് പൂർണസജ്ജമാകുന്നതോടെ പാകിസ്ഥാന് ഉറക്കം നഷ്ടമാകുമെന്ന് ഉറപ്പാണ്. ഗുജറാത്തിലെ നലിയ, ഭുജ്, രാജസ്ഥാനിലെ ഫലോഡി എന്നിവിടങ്ങളിലെ ഫോർവേഡ് എയർ ബേസുകൾ തമ്മിലുള്ള വിടവ് നികത്താൻ ദീസയിലൂടെ ഇന്ത്യൻ വ്യോമസേനയ്ക്ക് കഴിയും.
ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ ഇന്ത്യയുടെ ട്രില്യൺ ഡോളറിലധികം വ്യവസായ പദ്ധതികളുള്ള ഇന്ത്യൻ നഗരങ്ങളായ ഗുജറാത്തിലെ അഹമ്മദാബാദ്, ഭാവ്നഗർ, വഡോദര എന്നിവിടങ്ങളെ പാക് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ദീസയിൽ നിന്നും കുതിച്ചുയരുന്ന വിമാനങ്ങൾക്കാകും. പാകിസ്ഥാനിലെ മിർപൂർ ഖാസ്, ഷഹബാസ് എഫ്16 എയർബേസ് എന്നിവിടങ്ങളിൽ നിന്ന് പറന്നുയരുന്ന ശത്രുവിമാനങ്ങൾക്കുള്ള മറുപടി ഇവിടെ നിന്നാവും നൽകുക. ഇതിന് പുറമേ ഡീപ് പെനട്രേഷൻ സ്‌ട്രൈക്ക് എയർക്രാഫ്റ്റ് ഉപയോഗിച്ച് പാകിസ്ഥാൻ നഗരങ്ങളായ കറാച്ചി, സുക്കൂർ എന്നിവയും ദീസ ദുർബലമാക്കും.
ഗുജറാത്തിലെ ദീസ ഒരു ഫോർവേഡ് എയർബേസ് ആയതിനാൽ ഇവിടെ റാഫാൽ പോലെയുള്ള വിമാനങ്ങൾ വിന്യസിക്കില്ല പകരം അത് മിഗ് 29, തേജസ് തുടങ്ങിയ വ്യോമ പ്രതിരോധ യുദ്ധവിമാനങ്ങൾ നിലയുറപ്പിക്കും, ശത്രു യുദ്ധവിമാനങ്ങളെ തടയുകയും ഗുജറാത്തിലെ വ്യാവസായിക സമുച്ചയം സംരക്ഷിക്കുകയും ചെയ്യുക എന്നതാവും പ്രാഥമിക ദൗത്യം. അതേസമയം ഗുജറാത്തിലോ തെക്ക്പടിഞ്ഞാറൻ മേഖലയിലോ മറ്റോ പാക് പിന്തുണയോടെ ഒരു ഭീകരാക്രമണമുണ്ടായാൽ അതിന് പാകിസ്ഥാന് മറുപടി നൽകുന്നത് തീർച്ചയായും ദീസയിൽ നിന്നുമാവും. കൂടാതെ കര ആക്രമണത്തിന് പിന്തുണ നൽകാനും കഴിയും. ദീസ പൂർണ സജ്ജമായാൽ കേവലം രണ്ട് മിനിട്ടിനുള്ളിൽ ഇവിടെ നിന്നും വിമാനങ്ങൾക്ക് അതിർത്തി കടന്ന് പാകിസ്ഥാനിൽ സംഹാര താണ്ഡവമാടാൻ കഴിയും. ഇതിനാൽ ദീസ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാവും ഇനി സമ്മാനിക്കുക.