infosys

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ജീവനക്കാർക്ക് ഇനി നിബന്ധനകളോടെ മറ്റ് കമ്പനികളുടെ ജോലിയും ചെയ്യാം; വരുമാനവും നേടാം. ഇന്ത്യൻ ഐ.ടി മേഖലയിലാകെ വൻ മാറ്റത്തിന് വഴിയൊരുക്കിയേക്കുന്ന സുപ്രധാന തീരുമാനമാണിത്. തൊഴിലിനോടുള്ള അഭിനിവേശം കൂടാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുറംതൊഴിൽ ചെയ്യാനാഗ്രഹിക്കുന്നവർ അവരുടെ മാനേജർ,​ ബിസിനസ് പാർട്‌ണർ (എച്ച്.ആർ)​ എന്നിവരുടെ സമ്മതം വാങ്ങിയിരിക്കണമെന്നതാണ് ഇൻഫോസിസ് മുന്നോട്ടുവയ്ക്കുന്ന മുഖ്യ നിബന്ധന. ഇൻഫോസിസിന്റെയോ ഇൻഫോസിസിന്റെ ഉപഭോക്താക്കളുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമാകരുത് പുറംതൊഴിലെന്ന നിബന്ധനയുമുണ്ട്. ​

ജീവനക്കാർക്ക് അയച്ച ആഭ്യന്തര ഇ-മെയിൽ സന്ദേശത്തിലാണ് ഇൻഫോസിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേക്കുറിച്ച് ഔദ്യോഗികമായി ഇൻഫോസിസ് പ്രതികരിച്ചിട്ടില്ല. അതേസമയം,​ മാനേജ്‌മെന്റ് അറിയാതെ ഒരേസമയം രണ്ട് കമ്പനികളുടെ ജീവനക്കാരായിരിക്കാൻ (ഡ്യുവൽ എംപ്ലോയ്‌മെന്റ്) ​അനുവദിക്കില്ലെന്ന് ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ് നേരത്തേ വ്യക്തമാക്കിയിരുന്നു. തൊഴിലുടമയുടെ സമ്മതത്തോടെ മറ്റ് കമ്പനികളുടെ പ്രോജക്‌ടുകൾ താത്കാലികമായി ഏറ്റെടുത്ത് പൂർത്തിയാക്കി അധികവരുമാനം നേടാനാണ് അനുവദിക്കുക.

മൂൺലൈറ്റിംഗ്

എന്ന ഇരട്ടപ്പണി

ഒരു കമ്പനിയുടെ ജീവനക്കാരനായിരിക്കേ തന്നെ മറ്റൊരു കമ്പനിക്കുവേണ്ടിയും ജോലി ചെയ്യുന്നതിനെ വിളിക്കുന്ന പേരാണ് 'മൂൺലൈറ്റിംഗ്". പകൽ സ്വന്തം കമ്പനിക്ക് വേണ്ടിയും രാത്രി മറ്റൊരു കമ്പനിക്ക് വേണ്ടിയും ജോലി ചെയ്യുന്നത് കൊണ്ടാണ് ഈ പേര്.

കമ്പനിക്കുള്ളിൽ തന്നെ ആഭ്യന്തര 'മൂൺലൈറ്റിംഗിന്" ഐ.ടി കമ്പനികൾ അനുവദിക്കാറുണ്ട്. സ്വന്തം പ്രോജക്‌ടിന് പുറമേ കമ്പനിയിലെ മറ്റ് പ്രോജക്‌ടുകൾ ചെയ്യാനും അവസരം നൽകാനാണിത്. ഇൻഫോസിസിന് ഇതിനായി 'ആക്‌സലറേറ്റ്" എന്ന പ്ളാറ്റ്‌ഫോമുണ്ട്. ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസും ഇന്റേണൽ മൂൺലൈറ്റിംഗിന് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്.

അനുകൂലിച്ചും എതിർത്തും

പൊതുവേ ഐ.ടി കമ്പനികൾ പുറംപണി (മൂൺലൈറ്റിംഗ്)​ അനുവദിക്കാറില്ല. മൂൺലൈറ്റിംഗ് നടത്തുന്നവരെ പിരിച്ചുവിടാറുമുണ്ട്. മൂൺലൈറ്റിംഗ് അനീതിയും വഞ്ചനയുമാണെന്ന വാദമാണ് കമ്പനികൾക്കുള്ളത്.

ജീവനക്കാർക്ക് അധികവരുമാനം നേടാവുന്ന മൂൺലൈറ്റിംഗ് അനുവദിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഐ.ടി കമ്പനികൾ ഫാക്‌ടറീസ് നിയമത്തിന് കീഴിലല്ലാത്തതിനാൽ മൂൺലൈറ്റിംഗ് നിയമവിരുദ്ധമല്ലെന്നും ഇവർ വാദിക്കുന്നു.