തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാത വികസനം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ആക്ഷൻ കൗൺസിൽ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. 2013ൽ വഴിമുക്ക് വരെ അതിര് തിരിച്ച് കല്ലിട്ട ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ 10 വർഷമായി ഒരു സർക്കാരിനും കഴിഞ്ഞില്ല. അന്ന് നിശ്ചയിച്ച വില തികച്ചും അപര്യാപ്തമായതിനാൽ ഭൂമിയുടെ വില അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.ബാലരാമപുരത്ത് വിഴിഞ്ഞം - കാട്ടാക്കട റോഡിൽ അണ്ടർ പാസേജ് സ്ഥാപിക്കുന്നതിന് എല്ലാം പഠനവും പൂർത്തിയാക്കിട്ട് ഇപ്പോൾ ബാലരാമപുരം വഴിമുക്ക് റോഡിൽ അണ്ടർ പാസേജിനുള്ള സാദ്ധ്യത പഠനം നടത്തുന്നത് പാത വികസനം അട്ടിമറിക്കാനാണ്. വഴിമുക്ക് കളിയിക്കാവിള പാതയിൽ ഏറ്റെടുക്കേണ്ട ഭൂമി അതിര് തിരിച്ച് കല്ലിടണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 7ന് ബാലരാമപുരം ജംഗ്ഷനിൽ ജനകീയ ഉപവാസവും, നവംബർ 19ന് ബാലരാമപുരത്ത് സമരപ്രഖ്യാപന കൺവെൻഷൻ നടത്താനും ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.

ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ.എ.എസ്.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ.എസ്.ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, എസ്.എസ്.ലളിത്, എം.രവീന്ദ്രൻ, അഡ്വ.അനിരുദ്ധൻ നായർ, ആർ.ജി.അരുൺദേവ്, ചെങ്കൽ ഋഷികേശൻ, വി.എസ്.ജയറാം, നേമം ജബ്ബാർ, കെ.പി.ഭാസ്‌കരൻ, വിജയൻനായർ എന്നിവർ പങ്കെടുത്തു.